
പദ്ധതി ചെലവ് 2.15 ലക്ഷം കോടി രൂപ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉൾപ്പെടെ സംസ്ഥാനത്തിന്റെ സാമൂഹ്യ, സാമ്പത്തിക മേഖലയിൽ സമഗ്രമുന്നേറ്റം ലക്ഷ്യമിട്ട് 2.15 ലക്ഷം കോടി രൂപയുടെ ചെലവ് വരുന്ന 14-ാം പഞ്ചവത്സര പദ്ധതിയുടെ കരട് സംസ്ഥാന ആസൂത്രണ ബോർഡ് ഇന്നലെ പ്രസിദ്ധീകരിച്ചു.
കാർഷിക മൂല്യവർദ്ധന പദ്ധതിയിലും കാർഷിക മേഖലയിലും വൻതോതിൽ സ്വകാര്യവത്കരണം പ്രതീക്ഷിക്കുകയും പുതിയ ഖനന നയം രൂപീകരിക്കുകയും ചെയ്യുമെന്നതാണ് ഇതിന്റെ സവിശേഷത. പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 2024 വരെയുള്ള രണ്ട് വർഷത്തിൽ 10 ശതമാനവും പിന്നത്തെ മൂന്ന് വർഷം 11 ശതമാനവും വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പദ്ധതി നടപ്പാക്കുന്നതിന് വൻസാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇത് വരും വർഷങ്ങളിൽ വർദ്ധിക്കുമെന്നും കരട് രേഖയിൽ ചൂണ്ടിക്കാട്ടി. 15-ാം ധനകാര്യകമ്മിഷൻ നൽകുന്ന റവന്യൂകമ്മി ഗ്രാൻഡ് 2023-24വർഷത്തോടെ നിറുത്തലാക്കും. ജി.എസ്.ടി നഷ്ടപരിഹാരം ജൂൺ മാസത്തോടെ നിറുത്തലാക്കിയേക്കും. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 2025-26 വർഷത്തോടെ 3 ശതമാനം ആയി ചുരുങ്ങും. ഇൗ സാഹചര്യത്തിൽ സുസ്ഥിരസാമ്പത്തിക വികസനത്തിന് പുതിയ സമീപനം സ്വീകരിക്കേണ്ടിവരുമെന്ന് കരട് രേഖയിൽ ചൂണ്ടിക്കാട്ടി. ഇതിലൂടെ തനത് നികുതിയിൽ 12.7 ശതമാനവും നികുതിയേതര വരുമാനത്തിൽ 10 ശതമാനവും വർദ്ധന കൈവരിക്കും. അടിസ്ഥാന സൗകര്യവികസന മേഖലയിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കഴിയുന്ന പുതിയ മാതൃക സ്വീകരിക്കാൻ രേഖ നിർദ്ദേശിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സാമൂഹ്യക്ഷേമം, സാമൂഹ്യനീതി തുടങ്ങിയ മേഖലകളിൽ നിലവിലെ സമീപനം തുടരും.
അഭിപ്രായങ്ങൾ അറിയിക്കാം
കരട് സമീപന രേഖയെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുമ്പോൾ അവ ഏത് അദ്ധ്യായത്തിലേതെന്നും ഖണ്ഡികയുടെ നമ്പരും സൂചിപ്പിക്കണം. പൊതുവായ അഭിപ്രായങ്ങളും സമർപ്പിക്കാം. ഒരാൾക്ക് ഒന്നിലധികം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാമെങ്കിലും അവ ഓരോന്നും നൂറുവാക്കിൽ ഒത്തുക്കണം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജൂൺ 25നകം approach.paper@kerala.gov.in എന്ന ഇ-മെയിലിൽ ലഭ്യമാക്കണം. മൈക്രോസോഫ്റ്റ് വേർഡ് ഫോർമാറ്റിലായിരിക്കണം അയക്കേണ്ടത്. അയയ്ക്കുന്ന വ്യക്തിയുടെ പേരും സ്ഥാപനത്തിന്റെ പേരും രേഖപ്പെടുത്തണം.