തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് നേരിടേണ്ടിവന്നത് പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനൊപ്പമാണ് മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്. വിമാനത്താവളത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ, അദ്ദേഹം പോയ ശേഷമാണ് പുറത്തെത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് കറുത്ത ഇന്നോവ ഒഴിവാക്കി വെളുത്ത ഇന്നോവ ക്രിസ്റ്റ കാറിലാണ് മുഖ്യമന്ത്രി സഞ്ചരിച്ചത്. വിമാനത്താവളത്തിന് പുറത്ത് സി.പി.എം പ്രവർത്തകർ കൊടികളേന്തി മുദ്രാവാക്യം വിളിച്ചപ്പോൾ മുഖ്യമന്ത്രി കൈവീശി പ്രത്യഭിവാദ്യം ചെയ്തു. പലയിടങ്ങളിലും മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനം നടന്നു.
കരിങ്കൊടി കാണിച്ചു
കനത്ത സുരക്ഷയിലും യുവമോർച്ച,യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഞ്ചിടത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. പേട്ട, കണ്ണാശുപത്രി, പാളയം എന്നിവിടങ്ങളിൽ യുവമോർച്ചയും, പാറ്റൂരിലും പേട്ടയിലും യൂത്ത് കോൺഗ്രസുകാരും കരിങ്കൊടി കാണിച്ചു. കണ്ണാശുപത്രിക്ക് മുന്നിൽ പൊലീസിനെ വെട്ടിച്ചാണ് യുവമോർച്ച വനിതാപ്രവർത്തകർ കരിങ്കൊടി കാട്ടിയത്.പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാഷ്ട്രപതി മോഡൽ കനത്ത സുരക്ഷ
രാഷ്ട്രപതിയും പ്രധാനമന്ത്രിയും തലസ്ഥാനത്തെത്തിയാൽ നൽകുന്ന സുരക്ഷയായിരുന്നു ഇന്നലെ ഏർപ്പെടുത്തിയിരുന്നത്.സിറ്റി പൊലീസ് കമ്മീഷണർക്കായിരുന്നു സുരക്ഷാച്ചുമതല. വിമാനത്താവളം മുതൽ ക്ളിഫ് ഹൗസ് വരെയുള്ള 7.3 കിലോമീറ്ററിൽ ഡെപ്യൂട്ടി കമ്മിഷണറുടെ മേൽനോട്ടത്തിൽ 380 പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ഹൈവേ,ബൈപ്പാസ് ബീക്കൺസ് സംഘവും പട്രോളിംഗ് നടത്തി.വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കുവരുന്ന വഴിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇടറോഡുകളിൽ 10 മിനിട്ട് മുമ്പ് വാഹനങ്ങൾ തടഞ്ഞ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കറുത്ത വസ്ത്രം ധരിച്ചവരെ തടഞ്ഞില്ലെങ്കിലും റോഡിൽ നിന്ന് മാറി നടക്കാൻ പൊലീസ് നിർദ്ദേശിച്ചു.കറുത്ത തുണിയോ തൂവാലയോ കൈയിലുണ്ടോയെന്നും പരിശോധിച്ചു.