പോത്തൻകോട്: കോൺഗ്രസ് പോത്തൻകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്തൻകോട് ജംഗ്ഷനിൽ സൗജന്യമായി കറുത്ത മാസ്കുകൾ വിതരണം ചെയ്തു. കറുത്ത നിറത്തിലുള്ള മാസ്കുകൾ ധരിച്ചെത്തിയവർക്കെതിരെയുള്ള സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് സൗജന്യമായി കറുത്ത മാസ്കുകൾ വിതരണം ചെയ്തത്. വഴിയാത്രക്കാർ, കച്ചവടക്കാർ,​ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർത്ഥികൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർക്കാണ് മാസ്കുകൾ നൽകിയത്. വരും ദിവസങ്ങളിൽ പോത്തൻകോട് പഞ്ചായത്ത് പ്രദേശത്തെ മുഴുവൻ വീടുകളിലും പ്രതിഷേധ സൂചകമായി കറുത്ത മാസ്കുകൾ എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കൊയ്ക്കൂർക്കോണം സുന്ദരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. അനസ്,​ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സാജൻ ലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പണിമൂല ഷീജ, കല്ലൂർ ഷിനു,​ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്ദു കൃഷ്ണൻ,​ സീനത്ത് ഹസൻ തുടങ്ങിയവർ നേതൃത്വം നൽകി.