തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചെന്നാരോപിച്ച് സി.പി.എമ്മും കെ.പി.സി.സി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസും തെരുവിലിറങ്ങിയതോടെ നഗരത്തിൽ പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി.

കെ.പി.സി.സി ആസ്ഥാനത്തിന് നേരെയുണ്ടായ സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച് രാത്രിയിൽ കോൺഗ്രസ്, യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. പൊലീസ് മാർച്ച് തടയാൻ ശ്രമിച്ചതോടെ സംഘർഷമായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഒടുവിൽ ലാത്തിവീശി.

സെക്രട്ടേറിയറ്റിന് മുന്നിലും ശാസ്‌തമംഗലത്തും സി.പി.എം - കോൺഗ്രസ് പ്രവർത്തകർ പരസ്‌പരം പോർവിളിച്ചു. കെ.പി.സി.സി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് രാത്രി 9ഓടെയാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശാസ്‌തമംഗലത്തേക്ക് മാർച്ച് നടത്തിയത്. വി.കെ. പ്രശാന്ത് എം.എൽ.എയുടെ ഓഫീസിനു മുന്നിലെത്തിയ പ്രതിഷേധക്കാർ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞപ്പോൾ പ്രവർത്തകർ അവിടെയുണ്ടായിരുന്ന കൊടികൾ നശിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. തുടർന്ന് അരമണിക്കൂറോളം ശാസ്‌തമംഗലം റോഡിൽ ഗതാഗതം തടസപ്പെട്ടു. പിന്നാലെ സി.പി.എം പ്രവർത്തകർ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലേക്കും മാർച്ച് നടത്തി.

എതിർവശത്ത് കോൺഗ്രസ് പ്രവർത്തകരും അണിനിരന്നതോടെ വീണ്ടും സംഘർഷാവസ്ഥയായി. കല്ലുകളുമായി നിന്ന ഇരുകൂട്ടരും പ്രകോപന മുദ്രാവാക്യങ്ങളും വിളിച്ചു. ഇതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി സി.പി.എം പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു.

സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച് നടത്തിയ സി.പി.എം കോൺഗ്രസ് പ്രവർത്തകരും പോർവിളി മുഴക്കി. പരസ്‌പരം പ്രകോപന മുദ്രാവാക്യം വിളിച്ച് മുഖാമുഖം നിന്ന പ്രവർത്തകരെ പൊലീസുകാർ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. രാത്രി വൈകിയും കോൺഗ്രസ് പ്രവർത്തകർ കെ.പി.സി.സി ആസ്ഥാനത്തുണ്ട്. കുറവൻകോണത്തെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെയും ആക്രമണമുണ്ടായി. വൈകിട്ട് സി.പി.എം പ്രവർത്തകർ ഓഫീസ് അടിച്ചുതകർക്കുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു.