
കിളിമാനൂർ:ഇരുവൃക്കകളും തകരാറിലായി രണ്ട് പെൺമക്കൾക്കും ഭാര്യയ്ക്കും വൃദ്ധമാതാവിനുമൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന വെള്ളല്ലൂർ സ്വദേശി ദിനുവിന് കർഷകസംഘം വെള്ളല്ലൂർ വില്ലേജ് കമ്മിറ്റി സ്‌നേഹവീട് നിർമ്മിച്ച് നൽകുന്നു.വീടിന്റെ കട്ടളവെയ്പ് ചടങ്ങ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇരുവൃക്കകളും തകരാറിലായതോടെ നിർദ്ധന കുടുംബാംഗമായ ദിനുവിന് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയായി.ഡയാലിസിസിലൂടെയാണ് ഇപ്പോൾ ദിനുവിന്റെ ജീവൻ നിലനിറുത്തുന്നത്.ഇവർക്ക് അടച്ചുറപ്പില്ലാത്ത ഒരു വീടില്ലാത്തതിനാലാണ് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കർഷകസംഘം രംഗത്തെത്തിയത്.കർഷകസംഘം വില്ലേജ് പ്രസിഡന്റ് ജി.വി. ലാൽ അദ്ധ്യക്ഷത വഹിച്ചു. ഒ.എസ്. അംബിക എം.എൽ.എ മുഖ്യ പ്രഭാഷകയായി.കർഷകസംഘം ജില്ലാ സെക്രട്ടറി കെ.സി. വിക്രമൻ,പ്രസിഡന്റ് പത്മകുമാർ,സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ബി.പി. മുരളി,ആർ.രാമു,ജില്ലാ കമ്മിറ്റിയംഗം മടവൂർ അനിൽ,ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ,നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത തുടങ്ങിയവർ സംസാരിച്ചു. കർഷകസംഘം വില്ലേജ് സെക്രട്ടറി ജി.ആർ. ബിലഹരി സ്വാഗതം പറഞ്ഞു.