ulbhava-sthanam

കല്ലമ്പലം: വർക്കല താലൂക്കിലെ അയിരൂർ പുഴ നാശത്തിന്റെ വക്കിലായതോടെ പുഴ സംരക്ഷിക്കണമെന്നാവശ്യം ശക്തം. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളാണ് പുഴ നശിക്കാൻ കാരണമെന്നാണ് ആക്ഷേപം. ഏകദേശം 20 കിലോമീറ്റർ നീളമുള്ള പുഴ മടവൂർ പഞ്ചായത്തിൽ നിന്നു ഉത്ഭവിച്ച് നാവായിക്കുളം, ചെമ്മരുതി, ഇലകമൺ എന്നീ പഞ്ചായത്തുകളിലൂടെ കടന്ന് നടയറ വട്ടക്കായലിലും തുടർന്ന് കടലിലും എത്തിച്ചേരുന്നു. ചെറുകൈവഴികളായി ഉത്ഭവിച്ച് ചെമ്മരുതി പഞ്ചായത്തോഫീസിന് സമീപമുള്ള കല്ലണയിൽ വച്ചാണ് നദിയുടെ ഭാവം കൈവരിക്കുന്നത്. തുടർന്ന് പടിഞ്ഞാറോട്ടൊഴുകിയാണ് കായലിലും കടലിലും പതിക്കുന്നത്. വർക്കല താലൂക്കിലെ അയിരൂർ പുഴയെ സംരക്ഷിക്കാൻ ജനപ്രതിനിധികളും ബന്ധപ്പെട്ട പഞ്ചായത്തുകളും കർഷകരും ചേർന്നുള്ള ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കണമെന്നാണ് പൊതുവായ ആവശ്യം.

പുഴ സംരക്ഷണത്തിനായി ഇറിഗേഷൻ വകുപ്പിനെ സമീപിക്കുമ്പോൾ തോടാണെന്ന് പറഞ്ഞ് അവഗണിക്കുകയാണ് പതിവ്. അയിരൂർ പുഴയുടെ സംരക്ഷണത്തിനായി ഒരു സർവ്വേ പോലും നടത്താൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. മൂന്നു പഞ്ചായത്തുകളിലെ നെൽപ്പാടങ്ങൾക്ക് സമൃദ്ധമായി ജലസേചനം നൽകി കാർഷിക സമൃദ്ധി കൈവരിക്കാൻ സഹായിച്ച അയിരൂർ പുഴയോട് പ്രാദേശിക ഭരണകൂടങ്ങളായ പഞ്ചായത്തുകളും മുഖം തിരിക്കുകയാണ്. നദീതട വികസനവും തടയണകളുടെ നിർമ്മാണവുമൊക്കെയായി കാർഷിക മേഖലയിൽ വമ്പിച്ച മുന്നേറ്റം നടത്താനിരുന്ന പദ്ധതികളൊക്കെ ആസൂത്രണ വിദഗ്ദ്ധരുടെ അനാസ്ഥ മൂലം ഫയലിൽ ഒതുങ്ങി.

ആവശ്യങ്ങൾ ഇങ്ങനെ

1. മേഖലയിലെ നീർത്തട സംരക്ഷണത്തിനും കാർഷിക മൃഗ സംരക്ഷണ മേഖലയ്ക്കും സഹായകമാകുന്ന അയിരൂർ നദിയുടെ വികസന പദ്ധതി നടപ്പാക്കണം

2. നദിയുടെ സംരക്ഷണത്തിനായി തൃതല പഞ്ചായത്തുകളുമായി സഹകരിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം

3. നദി സംരക്ഷണത്തിന്റെ ഭാഗമായി പ്രാന്ത പ്രദേശത്തുള്ള നെൽപ്പാടങ്ങൾ നികത്തുന്നതിന് നിയമം മൂലം മോറട്ടോറിയം ഏർപ്പെടുത്തണം.

"തെളിനീരൊഴുകും നവകേരളം" പദ്ധതിയുടെ ഭാഗമായി നാവായിക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ്‌ നിവാസികൾ വാർഡ്‌ മെമ്പറുടെ നേതൃത്വത്തിൽ അയിരൂർ പുഴയുടെ ഉത്ഭവസ്ഥാനത്ത് നിന്നും പുഴയോരത്ത്കൂടി കാൽനടയായി സഞ്ചരിച്ച് ജനശ്രദ്ധനേടിയെങ്കിലും പുഴയുടെ സംരക്ഷണത്തിനായി നടപടി കൈക്കൊണ്ടില്ല.