കോൺഗ്രസിന്റെ ഫ്ലക്‌സ് ബോർഡുകൾ നശിപ്പിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിലുള്ള ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം തലസ്ഥാനത്ത് ആളിപ്പടരുന്നു. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിനിടെ പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് വീട്ടിലേക്ക് പാഞ്ഞടുത്തു. വീട്ടിലേക്ക് കടന്ന അഭിജിത്,ശ്രീജിത്ത്,ചന്തു എന്നീ മൂന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ചന്തുവിനെ പൊലീസ് വീട്ടിൽ തടഞ്ഞുവച്ചു.എന്നാൽ പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിലെ ഗുണ്ടകളാണ് പ്രവർത്തകനെ പിടിച്ചുവച്ചതെന്ന് ആരോപിച്ച് മറ്റുരണ്ടു പേർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യംവിളിച്ചു. ഒരുമണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ശേഷം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയാണ് എം.എൽ.എ ഹോസ്റ്റൽ പരിസരത്തു നിന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനം ആരംഭിച്ചത്. മാസ്‌കോട്ട് ഹോട്ടൽ പരിസരത്ത് പൊലീസ് ബാരിക്കേട് വച്ച് പ്രവർത്തരെ തടഞ്ഞു.തുടർന്ന് സമീപത്തുണ്ടായിരുന്ന കോൺഗ്രസിന്റെ ഫ്ലക്‌സ് ബോർഡുകൾ പ്രവർത്തകർ നശിപ്പിച്ചു. ഇതിനിടെയാണ് ബാരിക്കേടുകൾക്കിടയിലൂടെ മൂന്ന് പ്രവർത്തകർ കന്റോൺമെന്റ് ഹൗസിലേക്കുള്ള വഴിയിലൂടെ ഓടിയത്. കന്റോൺമെന്റ് ഹൗസിലേക്കുള്ള ആദ്യപ്രവേശന കവാടം സമീപത്തെ മറ്റു മന്ത്രിമന്ദിരങ്ങൾക്ക് കൂടിയുള്ളതിനാൽ ആ ഗേറ്റ് പൊലീസ് അടച്ചിരുന്നില്ല. രണ്ടാമത്തെ ഗേറ്റിൽ പൊലീസുകാർ ഉണ്ടായിരുന്നെങ്കിലും അവരെ തട്ടിമാറ്റി മൂവർസംഘം കന്റോൺമെന്റ് ഹൗസിലേക്ക് കടന്നു.അഭിജിത്തിനെയും ശ്രീജിത്തിനെയും ഉടൻ പുറത്ത് എത്തിച്ചെങ്കിലും ചന്തു വീടിന്റെ കാർപോർച്ച് വരെയെത്തി. ഉടൻ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവരും യൂണിഫോമില്ലാത്തവരും ചേർന്ന് അകത്ത് പിടിച്ചുവച്ചു. തുടർന്ന് മ്യൂസിയം സി.ഐ ധർമ്മജിത്ത് എത്തി സുരക്ഷാ ജീവനക്കാരുമായും പ്രതിപക്ഷനേതാവിന്റെ ഓഫീസിലുള്ളവരുമായും സംസാരിക്കുകയും കൂടുതൽ പൊലീസ് എത്തി വാഹനത്തിൽ മൂവരെയും അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കയറിയതിനും പൊലീസുകാരുടെ ജോലി തടസപ്പെടുത്താൻ ശ്രമിച്ചതിനും ചന്തുവിന്റെ പേരിൽ കേസെടുത്ത് ജാമ്യത്തിൽ വിട്ടു. ചന്തുവിനെ സതീശന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ മർദ്ദിച്ചെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരായ അതിക്രമത്തെ ചെറുക്കും: ഡി.വൈ.എഫ്.ഐ

കോൺഗ്രസ് നേതാക്കളുടെ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഗുണ്ടകളെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ ശ്രമിച്ചാൽ ഡി.വൈ.എഫ്.ഐ ചെറുക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.കന്റോൺമെന്റ് ഹൗസിന് മുന്നിൽ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡി.വൈ.എഫ്.ഐ തീരുമാനിച്ചാൽ യു.ഡി.എഫ് നേതാക്കൾ വീടിനു പുറത്തിറങ്ങില്ലെന്നും സനോജ് മുന്നറിയിപ്പ് നൽകി.ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്,ജില്ലാ സെക്രട്ടറി ഷിജുഖാൻ നേതാക്കളായ വി.എസ്.ശ്യാമ,പ്രതിൻ സാജ്കൃഷ്ണ,നിതിൻ,ബാലമുരളി,ലിജു തുടങ്ങിയവർ നേതൃത്വം നൽകി.