കാട്ടാക്കട:വനങ്ങളിലെ പ്രൊട്ടക്ഷൻ വാച്ചർമാരുടെ ജോലി ദിവസങ്ങൾ കുറച്ചു. ഇതോടെ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന വാച്ചർമാരുടെ ജീവിതം ദുരിതത്തിലായി. നെയ്യാർ, പേപ്പാറ, അഗസ്ത്യവനം റെയിഞ്ചുകൾക്ക് കീഴിൽ ജോലിചെയ്തിരുന്ന വാച്ചർമാരുടെ ജോലി ദിവസങ്ങളാണിപ്പോൾ കുറച്ചിരിക്കുന്നത്.

ഇപ്പോൾ വാച്ചർമാരുടെ തൊഴിൽ ദിനങ്ങൾ മാസത്തിൽ പതിനഞ്ചുദിവസമായിട്ടാണ് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 2020 വരെ വാച്ചർമാർക്ക് 26ദിവസം തൊഴിൽ ദിനങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് ഇരുപത്തിമൂന്നാകുകയും, ഇപ്പോൾ പതിനഞ്ചായും കുത്തനെ വെട്ടിക്കുറച്ചു.

വാച്ചർമാരിൽ അധികവും ആദിവാസികളാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഫണ്ടിന്റെ അപര്യാപ്തതമൂലമാണ് ഇത്തരത്തിൽ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചതെന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.എന്നാൽ ജെണ്ടകൾ നിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും, മറ്റു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിലും ഫയർ ലൈൻ തെളിക്കുന്നതിലും കാട് വെട്ടുന്നതിലും ഫണ്ട്‌ വകയിരുത്തിയിട്ടുണ്ട്. പാവപ്പെട്ട ആദിവാസികളായ വാച്ചർമാരുടെ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഈ തരത്തിലുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായിരിക്കുന്നത്.

ദുരിതത്തിൽ വാച്ചർമാർ

വിരമിച്ചവരും കൊഴിഞ്ഞുപോയവരുമായ വാച്ചർമ്മാർക്ക് പകരം ഇതേവരെ ആരെയും നിയമിച്ചിട്ടില്ല. ഇപ്പോൾത്തന്നെ വനം വകുപ്പിൽ വാച്ചർമാർക്ക് ദൗർലഭ്യമുണ്ട്. സ്ഥിര നിയമനം ലഭിക്കാത്തതുകാരണം നിരവധി പേരാണ് വർഷങ്ങളായി താത്കാലിക വാച്ചർമാരായി പണിയെടുത്തിട്ട് ഒരു ആനുകൂല്യവും ലഭിക്കാതെ പ്രായപരിധി കഴിഞ്ഞപ്പോൾ പുറത്തുപോയത്. ഇവർക്ക് പെൻഷൻ പോലും ലഭിക്കാത്ത അവസ്ഥയുമുണ്ട്. ആദിവാസി മേഖലയിലുള്ള ഇത്തരക്കാർ എങ്ങനെ ജീവിക്കുമെന്നതും ആശങ്കയായിട്ടുണ്ട്. ഇതിനിടയിലാണ് വനം വകുപ്പിന്റെ ഇപ്പോഴത്തെ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കൽ. ഇപ്പോഴത്തെ വനം വകുപ്പിന്റെ ഉത്തരവ് വാച്ചർമാരുടെ ജീവിതത്തെതന്നെ ഉലച്ചിട്ടുണ്ട്.