
തിരുവനന്തപുരം: നാടിനെ നടുക്കിയ ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി എം.എ. ആന്റണി (59, ബ്ളാക്ക് ബെൽറ്റ് ആന്റപ്പൻ) 21 വർഷത്തെ ജയിൽവാസത്തിന് ശേഷം ഇന്നലെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് ആദ്യമായി പരോൾ നേടി പുറത്തിറങ്ങി. ജയിൽ ഉപദേശക സമിതി ശുപാർശയനുസരിച്ച് സംസ്ഥാന സർക്കാർ ആന്റണി അടക്കം 23പേർക്ക് പരോൾ അനുവദിക്കുകയായിരുന്നു.
ആലുവ വത്തിക്കാൻ സ്ട്രീറ്റ് മാഞ്ഞൂരാൻ ഹൗസിൽ താമസിക്കുന്ന ആന്റണിക്ക് 30 ദിവസത്തെ പരോളും മൂന്ന് ദിവസം യാത്രയ്ക്കായും അനുവദിച്ചു. ജൂലായ് 17 ഉച്ചയ്ക്ക് 12ന് മുമ്പ് തിരികെ ജയിലിലെത്തണം.
പരോൾ കാലയളവിൽ ആന്റണി ആലുവ എസ്.എച്ച്.ഒയുടെ നിരീക്ഷണത്തിലായിരിക്കും. ആഴ്ചയിലൊരിക്കൽ ആലുവ സ്റ്റേഷനിൽ ഹാജരാകണം.
2001 ജനുവരി ആറിന് ആലുവ നഗരമധ്യത്തിൽ സെന്റ് മേരീസ് ഹൈസ്കൂളിനു സമീപം മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്മോൻ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആന്റണിക്ക് സി.ബി.ഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിനാണ് വധശിക്ഷ വിധിച്ചത്.
മാഞ്ഞൂരാൻ ഹാർഡ്വെയേഴ്സ് ഉടമയായ അഗസ്റ്റിന്റെ അകന്ന ബന്ധുവും കുടുംബസുഹൃത്തുമായിരുന്നു ആന്റണി. വിദേശത്ത് ജോലിക്കു പോകാൻ പണം നൽകാതിരുന്നതിലുള്ള വിരോധം മൂലം രാത്രി സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ കുടുംബാംഗങ്ങളെ ആന്റണി വീട്ടിൽ പതിയിരുന്ന് ഒറ്റയ്ക്ക് വകവരുത്തിയെന്നാണ് കേസ്.
സംസ്ഥാനത്തെ സി.ബി.ഐ കേസുകളിലെ ആദ്യ വധശിക്ഷയാണിത്. 2006ൽ ഹൈക്കോടതി ശിക്ഷ ശരിവച്ചു. ഇതിനെതിരെ ആന്റണി നൽകിയ ഹർജി പരിഗണിച്ച സുപ്രീംകോടതിയും 2009ൽ വധശിക്ഷ ശരിവച്ചു. തുടർന്ന് നൽകിയ പുനഃപരിശോധന ഹർജിയിൽ ജസ്റ്റിസ് മദൻ ബി.ലോകൂർ അദ്ധ്യക്ഷനായ ബെഞ്ച് 2018ൽ വധശിക്ഷ ജീവപര്യന്തമാക്കി. ആലുവയിലെ ആന്റണിയുടെ വീട്ടിൽ ഇപ്പോഴാരുമില്ല. കേസിന് പിന്നാലെ ബന്ധം പിരിഞ്ഞ ഭാര്യയും മക്കളും കേരളത്തിന് പുറത്താണ്. കൂട്ടക്കൊല നടന്ന മാഞ്ഞൂരാൻ തറവാട് വർഷങ്ങൾക്കു ശേഷം പൊളിച്ചുനീക്കിയിരുന്നു.