pp

വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ ചെള്ള് പനി ബാധിച്ച്മരണപ്പെട്ട അശ്വതിയുടെ വീട്ടിൽ തിരുവനന്തപുരം പാലോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമെത്തി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഘം എത്തിയത്. അശ്വതിയുടെ വീട്ടിലെ വളർത്തുമൃഗങ്ങളുടെ രക്ത സാമ്പിളുകളും മൃഗങ്ങളുടെ പുറത്തുള്ള ചെള്ളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. 4 ആടുകളുടെയും ഒരു നായയുടെയും സാമ്പിളുകളാണ് ശേഖരിച്ചത്.

ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. നന്ദകുമാർ, വെറ്റിനറി സർജൻ ഡോ. പ്രത്യുഷ് എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്. കൂടാതെ ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികല, വൈസ് പ്രസിഡന്റ് തൻസിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാമൻ, വർക്കല ബ്ലോക്ക് മൃഗാശുപത്രി ഡോക്ടർ രമ, ചെറുന്നിയൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം പ്രവർത്തകർ എന്നിവരും പരിശോധ സംഘത്തിന് ഒപ്പം ഉണ്ടായിരുന്നു.

കുടുംബാംഗളുടെ 6 പേരുടെയും രക്ത സാമ്പിളുകൾ പരിശിധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ അശ്വതിയുടെ വീട്ടിലെ ഒരു നായ്ക്കുട്ടിക്ക് ചെള്ള് പനി സ്ഥിതികരിച്ചിരുന്നു. ചെള്ള് പനി പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ചും മൃഗങ്ങളുടെ രക്തസാമ്പിളുകൾ പരിശോധിക്കുന്നതിലെ കാലതാമസവും അശ്വതിയുടെ കുടുംബാംഗങ്ങളുടെ പരിശോധനാഫലം പുറത്തുവിടുന്നത് വൈകിപ്പിച്ചതും കഴിഞ്ഞ ദിവസം 14ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സംഘം എത്തിയത്. പഞ്ചായത്തിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മാത്രമാണ് ഇവിടെയെത്തി വേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. വാർഡ് തല ശുചീകരണം, ബോധവത്കരണം, മൃഗങ്ങളുടെ ചെള്ള് നിർമ്മാർജ്ജനം ഉൾപ്പെടെയുള്ളവ ചൊവ്വാഴ്ച മുതൽ ഊർജിതപ്പെടുത്തിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികല കേരളകൗമുദിയോട് പറഞ്ഞു. ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ വിഭാഗവും വെറ്റിനറി വിഭാഗവും സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തലത്തിൽ നേതൃത്വം നൽകി വരുന്നത്.