
മലയിൻകീഴ്: വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ നവകേരള ശില്പശാല ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം. അപ്രതീക്ഷിതമായി പേയാട് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടിയും പതാകയുമായി ഓടിയടുത്തു. ബി.ജെ.പി കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡന്റ് സുധീഷ് തിരുനെല്ലിയൂർ,മലയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി കുന്നുവിള സുധീഷ്,ഹരി പേയാട് ,അരുൺ കുമാർ എന്നിവരാണ് കരിങ്കൊടി കാണിച്ചത്.ഇ.എം.എസ് അക്കാഡമിയിൽ നിന്നുളള മടക്കയാത്രയിൽ വിളപ്പിൽശാല പൊലീസ് സ്റ്റേഷന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാലുപേർ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ ചാടിയിറങ്ങി കരിങ്കൊടി വീശി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ടി.അനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ഷാജി,ജില്ലാ ജനറൽ സെക്രട്ടറി സജി,യൂത്ത് കോൺഗ്രസ് മലയിൻകീഴ് മണ്ഡലം പ്രസിഡന്റ് എം.ജി.അജേഷ്,നിയോജക മണ്ഡലം പ്രസിഡന്റ് ശ്യംലാൽ തുടങ്ങിയ നേതാക്കളാണ് കരിങ്കൊടി കാണിച്ചത്.അതേസമയം, ഇ.എം.എസ് അക്കാഡമിയിൽ മുഖ്യമന്ത്രി പങ്കെടുത്ത ശില്പശാലയിൽ മാദ്ധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി.