
തിരുവനന്തപുരം: കാഞ്ഞിരംപാറ വാർഡ് കൗൺസിലർ സുമി ബാലുവിനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ പൂജപ്പുര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കറുത്ത ചുരിദാർ ധരിച്ചതിനാണ് കൗൺസിലറെ കസ്റ്റഡിയിലെടുത്തതെന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു. ഇന്നലെ രാവിലെ 11ഓടെ മരുതംകുഴിയിൽ നിന്നാണ് കൗൺസിലറെ കസ്റ്റഡിയിലെടുത്തത്. വൈകിട്ട് നാലരവരെ സ്റ്റേഷനിലിരുത്തിയെന്നും ബി.ജെ.പി പ്രവർത്തകർ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തിൽ ജില്ലാ മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് സ്റ്റേഷൻ ഉപരോധിച്ചത്. അതേസമയം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് തമ്പടിച്ചിരുന്നവരെ മുൻകരുതലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.