തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിൽ ഹാളിൽ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു.

മുഖ്യമന്ത്രിക്ക് പിന്തുണയുമായി മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമുയർത്തി ഭരണകക്ഷി അംഗങ്ങൾ പ്രതിരോധം തീർത്തത് വാക്കുതർക്കത്തിനിടയാക്കി.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്നുവെന്ന പ്രമേയം അജൻഡ ചർച്ച ചെയ്യുന്നതിനുമുമ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ വാക്കാൽ അവതരിപ്പിച്ചു. എസ്. സലീം പിന്തുണച്ച പ്രമേയം മേയർ ആര്യാ രാജേന്ദ്രൻ അംഗീകരിച്ചു. വിജിലൻസ് കേസിൽ ഉൾപ്പെട്ട ഹെൽത്ത് ഇൻ‌സ്‌പെക്ടർ എം.സി. ശ്രീകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നതായി മേയർ അറിയിച്ചു.

കറുത്ത വസ്ത്രം ധരിച്ചതിന് കാഞ്ഞിരംപാറ കൗൺസിലർ സുമി ബാലുവിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ പ്ലക്കാർഡുകളുയർത്തി മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങളും മുദ്രാവാക്യം വിളിച്ചതോടെ അജൻഡകൾ ചർച്ച ചെയ്യണമെന്നും ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്നും മേയർ ആവശ്യപ്പെട്ടു. പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറാകാതിരുന്ന കൗൺസിലർമാർ മുദ്രാവാക്യം വിളി തുടർന്നു. ഇതിനിടെ ഇടതുപക്ഷ കൗൺസിലർമാരുടെ പിന്തുണയോടെ അജൻഡകൾ പാസാക്കുന്നതായി സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ അറിയിച്ചു.

ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട ഒരു അജൻഡ മാറ്റിവയ്‌ക്കണമെന്ന് പാളയം രാജൻ ആവശ്യപ്പെട്ടു. വിഷയം തുടർപരിശോധനയ്‌ക്കായി ടൗൺ പ്ലാനിംഗ് ഓഫീസർക്ക് കൈമാറുമെന്ന് മേയർ അറിയിച്ചു. പ്രതിഷേധം കടുത്തതോടെ ഭരണകക്ഷി കൗൺസിലർമാർ മുഖ്യമന്ത്രിക്ക് അനുകൂല മുദ്രാവാക്യവുമായി ഹാളിന് പുറത്തിറങ്ങി. ഇടതുകൗൺസിലർമാർ രക്തസാക്ഷിമണ്ഡപം വരെ പ്രകടനമായെത്തി.