വിഴിഞ്ഞം: കഴക്കൂട്ടം - കോവളം ബൈപാസിനോടനുബന്ധിച്ച കല്ലുവെട്ടാൻ കുഴി - മുക്കോല - പീച്ചോട്ടുകോണം ഭാഗത്തെ സർവീസ് റോഡിലെ അശാസ്ത്രീയ ഓട നിർമാണം മഴക്കാലത്ത് പ്രദേശത്തെ വയൽകൃഷിക്ക് നാശമുണ്ടാക്കുന്നതായി പരാതി. എം. വിൻസെന്റ് എം.എൽ.എ സ്ഥലം സന്ദർശിച്ചു.

പ്രദേശത്തെ ഓടയിൽ നിന്നുള്ള മഴവെള്ളം മുഴുവൻ പൈപ്പ് വഴി വയലിലേക്ക് ഒഴുകി നിറയുകയാണെന്ന് നാട്ടുകാർ പറഞ്ഞു. മഴവെള്ളം കുത്തിയൊലിക്കുന്നതിനാൽ വയലിലെ വാഴ, മരച്ചീനി വിളകൾ നശിച്ചതായി കർഷകർ പരാതിപ്പെട്ടു.

ഇവിടെ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് 50 മീറ്റർ മാറ്റി ഗംഗയാർ തോടിലേക്ക് വെള്ളം ഒഴുകുംവിധം സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഓട നിർമ്മാണ സമയത്തുതന്നെ ഈ നിർദേശം പറഞ്ഞതാണെന്നും അധികൃതർ നടപ്പാക്കാൻ കൂട്ടാക്കിയില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന് സ്ഥലത്ത് എത്തിയ എം.വിൻസന്റ് എം.എൽ.എ ദേശീയപാത അതോറിട്ടി അധികൃതരോട് ആവശ്യപ്പെട്ടു.