pply

കുറ്റിച്ചൽ: കുറ്റിച്ചൽ പരുത്തിപ്പള്ളി എൽ.പി സ്കൂളിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം വീണ്ടും ഇടിഞ്ഞുവീണു.സ്കൂളിന്റെ മതിൽ അപകടാവസ്ഥയിലാണെന്ന് നിരവധി തവണ രക്ഷിതാക്കൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. സ്കൂൾ സമയത്ത് കുട്ടികൾ റോഡിന്റെ സൈഡിലേക്ക് വന്നാൽ റോഡിലേക്ക് വീഴാനുള്ള സാദ്ധ്യതയുമുണ്ട്. ഇന്നലെ വൈകിട്ട് സ്കൂൾ സമയം കഴിയുന്നതിന് പത്ത് മിനിറ്റിന് മുൻപ് മതിലിന്റെ ബാക്കി ഭാഗവും ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. കുട്ടികളും വഴിയാത്രക്കാരും റോഡിൽ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

സമീപത്തെ ഹയർ സെക്കൻഡറി സ്കൂളും,വില്ലേജ് ഓഫീസ്,ഫോറസ്റ്റ് ഓഫീസ്,കൃഷി ഭവൻ എന്നിവിടങ്ങളിലേക്കും സമീപത്തെ ക്ഷേത്രത്തിലേക്കും ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്.

സ്കൂളിന് ചുറ്റിലും അപകടകരമായി നിൽക്കുന്ന മരങ്ങളും മുറിച്ചുമാറ്റി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ അധികൃതരും പഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.