ബാലരാമപുരം: കോട്ടുകാൽക്കോണം മുത്താരമ്മൻകോവിൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് ബസ് സർവീസ് പുനഃരാരംഭിക്കാത്തതിനാൽ വിദ്യാർത്ഥികൾ വലയുന്നു. പുതിയ അദ്ധ്യയനവർഷം ആരംഭിച്ചിട്ടും ഈ റൂട്ടിലേക്ക് ഇതുവരെയും സർവീസ് ആരംഭിച്ചിട്ടില്ല. കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് സ്കൂളിന്റെ പ്രവർത്തനവും നിലച്ചതോടെ പൂവാർ ഡിപ്പോയിൽ നിന്നുള്ള പനയറക്കുന്ന്- തിരുവനന്തപുരം സർവീസ് പൂർണ്ണമായി നിറുത്തലാക്കി. തിരുവനന്തപുരം, പൂവാർ, വിഴിഞ്ഞം, കാട്ടാക്കട, നെയ്യാറ്റിൻകര, പാപ്പനംകോട് എന്നീ ഡിപ്പോയിൽ നിന്നും എം.എസ്.എച്ച്.എസിലേക്ക് സർവീസ് നടത്തിയിരുന്നു. ഗ്രാമീണ റൂട്ടിലേക്ക് വിവിധ ഡിപ്പോകളിൽ നിന്ന് ബസ് സർവീസ് പുനഃരാരംഭിച്ചെങ്കിലും കോട്ടുകാൽക്കോണം എം.സി.എച്ച്.എസ്.എസിലേക്ക് ബസ് സർവീസ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ക്ലാസ് അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ 750 ഓളം വിദ്യാർത്ഥികളുടെ പഠനവും വെല്ലുവിളിയായിമാറിയിരിക്കുകയാണ്. ബാലരാമപുരം, മുടവൂർപ്പാറ, പുന്നമൂട്, പെരിങ്ങമല, ഉച്ചക്കട, ഭഗവതിനട, ആറാലുംമൂട്,നെല്ലിമൂട്, അവണാകുഴി, വഴിമുക്ക്, എരുത്താവൂർ,അതിയന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അഞ്ഞൂറിൽപ്പരം വിദ്യാർത്ഥികളാണ് ബസില്ലാതെ യാത്രാദുരിതം നേരിടുന്നത്. വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ സിറ്റി, പൂവ്വാർ ഡിപ്പോ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
നിവേദനം നൽകി
അത്യാവശ്യ കാര്യങ്ങൾക്കായി പഞ്ചായത്തിലോ രോഗികൾക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്താൻകഴിയാത്ത അവസ്ഥയാണ്. പനയറക്കുന്ന് ജംഗ്ഷനിൽ ബസ് ഇറങ്ങുന്ന വിദ്യാർത്ഥികൾ ഒന്നരക്കിലോമീറ്ററോളം നടന്നാണ് സ്കൂളിലെത്തുന്നത്. വിദ്യാർത്ഥികളുടേയും നാട്ടുകാരുടെയും യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടുകാൽക്കോണം റസിഡന്റ്സ് അസോസിയേഷൻ ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ ട്രാൻസ്പോർട്ട് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. സ്കൂൾ സമയങ്ങളിൽ ഗ്രാമീണ റൂട്ടുകളിൽ സിറ്റി ഷട്ടിൽ സർവീസ് നടത്താൻ ഡിപ്പോ അധികൃതർ തീരുമാനം കൈക്കൊള്ളണം. പനയറക്കുന്ന്-തിരുവനന്തപുരം സർവീസും പൂർണ്ണമായി നിലച്ചതോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ പുതിയ അഡ്മിഷനും വെല്ലുവിളിയായിമാറുകയാണ്. അതിനാൽ വിദ്യാർത്ഥികൾ ഏറെ ആശ്രയിക്കുന്ന ഈ സർവീസ് പുനഃരാരംഭിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.