വെള്ളറട: കാട് വിട്ട് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങിയതോടെ മലയോരമേഖലയിലെ കർഷകർ അന്നം മുട്ടിയ അവസ്ഥയിലാണ്. വെള്ളറട, അമ്പൂരി , കള്ളിക്കാട്, ഗ്രാമപഞ്ചായത്തിലെ പന്നിമല,തേക്കുപാറ, കുട്ടമല, കണ്ടംതിട്ട, പാമ്പരംകാവ്, പുറുത്തിപ്പാറ, വാഴിച്ചൽ, തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ അന്നന്നത്തെ അന്നത്തിനായുള്ള വക കണ്ടെത്തിയിരുന്നത് കൃഷിയിലൂടെയായിരുന്നു. എന്നാൽ വന്യമൃഗങ്ങൾ കൃഷിയിടങ്ങൾ കൈയടക്കിയതോടെ കൃഷിയും നശിച്ചു, ഒപ്പം അന്നവും മുട്ടി. ഭക്ഷ്യധാന്യങ്ങളൊന്നും കൃഷിചെയ്യാൻ കഴിയാതായിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. നിവേദനങ്ങൾ പലതും നൽകിയെങ്കിലും കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായെത്തുന്ന രാഷ്ട്രീയ പാർട്ടികൾ പിന്നീട് ഈ വഴിക്ക് വരാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഹെക്ടർകണക്ക് സ്ഥലങ്ങളാണ് കൃഷിയിറക്കാനാകാതെ തരിശാക്കിയിട്ടിരിക്കുന്നത്. മരച്ചീനി(കപ്പ), വാഴ, ചേമ്പ്, ചേന, മറ്റുനാണ്യവിളകൾ ഒന്നുംതന്നെ കൃഷിചെയ്യാൻ കഴിയുന്നില്ല. കാട്ടിൽ നിന്നും കൂട്ടമായി എത്തുന്ന കാട്ടുപന്നികളും വാനരപ്പടയും മുഴുവൻ കൃഷിയും നശിപ്പിക്കുകയാണ്പതിവ്.
വിളകൾ സ്വന്തമാക്കി വാനരപ്പട
മാവും പ്ലാവും പുളിയും എല്ലാം കായ്ച്ച് തുടങ്ങിയതോടെ കാട്ടിൽ നിന്നും വാനരന്മാരും എത്തി. പാകമാകാത്തതും പഴുത്തതും എല്ലാം ഇവർ അടിച്ചിടും. ആരെങ്കിലും ഇവയെ ഓടിച്ചുവിടാമെന്നുവച്ചാൽ ഇവ പറിച്ച് ജനങ്ങളെ എറിഞ്ഞോടിക്കും. നാളികേരത്തിന് മാർക്കറ്റിൽ നല്ല വിലയുണ്ടെങ്കിലും മലയോരത്തെ കർഷകൻ അന്യദേശങ്ങളിൽ നിന്നും എത്തുന്ന നാളികേരത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തെങ്ങുകളുടെ മണ്ടയിൽ വെള്ളയ്ക്ക ആകുമ്പോൾത്തന്നെ മുഴുവനും വാനരന്മാർ താഴെയിറക്കും. അടുക്കളയിൽ വല്ലതും വച്ചാൽ അതും ഈ കൂട്ടർ കൊണ്ടുപോകും. ചുരുക്കത്തിൽ ഈ വാനരന്മാരുടെ കണ്ണുവെട്ടിച്ചുവേണം നാട്ടുകാർക്ക് വല്ലതും ഭക്ഷണം കഴിക്കാൻ.
ഒരു കാലത്ത് എല്ലാനാണ്യവിളകളും സുലഭമായി കൃഷിചെയ്ത് ആദായം ലഭിച്ചിരുന്നതിനാൽ കർഷകർക്ക് ബുദ്ധിമുട്ടില്ലാതെ ജീവിച്ച് പോകാൻ കഴിയുമായിരുന്നു. വന അതിർത്തി കഴിഞ്ഞ് എത്തുന്ന വന്യജീവികളെ തടയുന്നതിനുള്ള മാർഗങ്ങൾ സർക്കാർ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ മലയോരത്ത് ഇനി കൃഷിഭൂമി കാണില്ല. റബർ കൃഷിയെ ആശ്രയിക്കാമെന്നു വിചാരിച്ചാൽ കൃഷിക്ക് മുടക്കുന്ന പണം പോലും തിരികെ കിട്ടാത്ത സാഹചര്യവും.