തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധിച്ച് നെടുമങ്ങാട് പ്രകടനം നടത്തിയ സി.പി.ഐ,​എ.ഐ.വൈ.എഫ് പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജ് പ്രതിഷേധാർഹമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം നെടുമങ്ങാട് സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകൾ തകർത്തുകൊണ്ട് കോൺഗ്രസാണ് അക്രമം ആരംഭിച്ചത്. കോൺഗ്രസ് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ തയ്യാറാകാതെ പൊലീസ് അക്രമങ്ങൾക്ക് സഹായകരമായ നിലപാട് സ്വീകരിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സി.പി.ഐ,​ എ.ഐ.വൈ.എഫ് പ്രവർത്തകർക്ക് നേരെയാണ് പൊലീസ് അതിക്രമം കാട്ടിയത്.പരിക്കേറ്റ പ്രവർത്തകർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കലാപഭൂമിയാക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണം. അക്രമം തുടരാനാണ് ഭാവമെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.