fff

നടൻ, നിർമ്മാതാവ് . പുതിയ വിശേഷത്തിൽ ഷറഫുദീൻ

ഷറഫുദീൻ ഒാട്ടത്തിലാണ്. ഒരു സിനിമയിൽനിന്ന് അടുത്തതിലേക്ക് .മികച്ച കഥാപാത്രങ്ങളുമായി അഭിനയയാത്ര തു‌‌ടരുമ്പോൾ പുതിയ റിലീസായി പ്രിയൻ ഒാട്ടത്തിലാണ് എത്തുന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചവിട്ട് നിർമ്മാതാവിന്റെ കുപ്പായം ആദ്യമായി അണിയിക്കുകയും ചെയ്തു.നായകനായും പ്രതിനായകനായും കൊമേഡിയനായും വിജയകരമായ പകർന്നാട്ടത്തിലൂടെ യാത്ര . ഒൻപതു വർഷം മുൻപ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം ആണ് ഷറഫുദീനെ വെള്ളിത്തിരയിൽ എത്തിക്കുന്നത്.അന്നു മുതൽ നല്ല നേരം.അൽഫോൻസിന്റെ പുതിയ ചിത്രം ഗോൾഡിലും ഷറഫുദീനുണ്ട്.സിനിമയിലെ പുതിയ വിശേഷങ്ങൾ ഷറഫുദീൻ വാരാന്ത്യ കൗമുദിയോട് പങ്കുവയ്ക്കുന്നു.

ആദ്യ ടൈറ്റിൽ കഥാപാത്രമായി പ്രിയൻ മാറുമ്പോൾ എന്തൊക്കെയാണ് പ്രത്യേകത ?

ഏറെ പ്രത്യേകത നിറഞ്ഞ മനുഷ്യനാണ് പ്രിയൻ. പുറത്തുനിന്നുനോക്കിയാൽ വളരെ തിരക്കുള്ള ആള്. പല സമയത്തും പല സാഹചര്യത്തിലും സ്വന്തം കാര്യങ്ങൾക്കു പോലും എത്താൻ കഴിയുന്നില്ല. പ്രിയനെ പോലെ ഉള്ളവർ പരിചിതരാകാം. ഒരാൾക്ക് എത്ര പ്രായംവരെ ആഗ്രഹങ്ങളെ കൂടെ നിറുത്തിപോകാമെന്നും പ്രിയൻ എന്ന കഥാപാത്രത്തിലൂടെ പറയുന്നു.നല്ല കഥാപാത്രം തന്നെയായിരിക്കും പ്രിയൻ.

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ നിർമ്മാതാവായിയല്ലേ ?

സംവിധായകരായ ഷിനോസ് റഹ്മാനെയും സജാസ് റഹ്മാനെയും നേരത്തെ അറിയാം. സമാന്തര സിനിമകളുടെ സംവിധായകർ നേരിടുന്ന പ്രശ്നങ്ങളുണ്ട് .ഇത്രയൊക്കെ പൈസ ചെലവാക്കാം മച്ചാനേ എന്ന് ഞാൻ അവരോ‌ട് പറഞ്ഞു. അങ്ങനെയാണ് ചവിട്ട് എന്ന സിനിമ സംഭവിക്കുന്നത് .മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിൽ സന്തോഷം. ഷിനോസിനും സജാസിനും ഛായാഗ്രാഹകൻ മുകേഷിനും പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർക്കും ലിറ്റിൽ എർത്ത് തിയറ്റേഴ്സിന്റെ ഭാഗമായവർക്കും ലഭിച്ച അംഗീകാരം.

ഇതുവരെ കാണാത്ത ജീവിത പരിസരത്താണ് ഇപ്പോൾ കഥാപാത്രങ്ങൾ ?

തീർച്ചയായും. നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ടെന്ന് കരുതുന്നു. ഷാഫി സാറിന്റെ ചിത്രത്തിൽ ഇന്ദ്രൻസേട്ടനൊപ്പം അഭിനയിച്ചു. നല്ല രസമുള്ള സിനിമയും കഥാപാത്രവും. മമ്മുക്കയുടെ റോഷാക്കിൽ വ്യത്യസ്തമായ കഥാപാത്രമായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഭാവനയോടൊപ്പം ന്റക്കാക്കൊരു പ്രേമണ്ടാർന്ന് ചിത്രീകരണം ആരംഭിക്കാൻ പോവുന്നു. കോര എന്ന സുഹൃത്തിനൊപ്പം സിനിമയുണ്ട്. കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുടെ കൂടെ ഒരു സിനിമ കൂടി ചെയ്യാൻ പോവുന്നു. അദൃശ്യം എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്. ചെന്നൈയിലായിരുന്നു ചിത്രീകരണം.

ഇതേ പോലെ യാത്ര പ്രതീക്ഷിച്ചതാണോ ?

സിനിമയിൽ ബഹുദൂരം പോവുന്നതില്ല, ജീവിതത്തിൽ ബഹുദൂരം സഞ്ചരിക്കാൻ കഴിയുക എന്നതാണ് മുന്നിലെ വെല്ലുവിളി. സിനിമ ഒരുപാട് ഇഷ്ടമാണ്. ഏറ്റവും ഇഷ്ടപ്പെട്ടടത്ത് കൂടുതൽ കാലം നിൽക്കാൻ കഴിയണം .അതാണ് ഏറ്റവും വലിയ ആഗ്രഹം. ഞാൻ സിനിമയെ സ്നേഹിക്കുന്നു. സിനിമ തിരിച്ച് എന്നെ സ്നേഹിക്കുന്നുവെന്ന് വിശ്വസിക്കുന്നു. അതിനാൽ ഇവിടെ ചെറിയ രീതിയിലെങ്കിലും നിൽക്കാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം.