sivaji
ശിവജി മകൾ അജിതയ്ക്കൊപ്പം(കൊവിഡ് കാലത്ത് പരോളിലെത്തിയപ്പോഴുള്ള ഫോട്ടോ)​

തിരുവനന്തപുരം:കുട്ടിക്കാലം മുതൽ സഹജീവി സ്നേഹം നിറഞ്ഞ മനസ്. സാഹചര്യങ്ങൾ കൊലക്കേസിൽ പ്രതിയാക്കി. ഭാര്യ മരിച്ചതോടെ അനാഥയായ മകളെ കാണാൻ നാല് തവണ ജയിൽ ചാട്ടം. നീണ്ടു നീണ്ടു പോയ ശിക്ഷ. മുപ്പത് വർഷത്തിന് ശേഷം ശിക്ഷാ ഇളവിൽ മോചനം.

ആലപ്പുഴ ജിനദേവൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കുട്ടനാട്‌ പുളിങ്കുന്ന്‌ കണ്ണാടി സ്വദേശി ശിവജിയുടെ ദീനാനുകമ്പയും സാഹസികതയും നിറഞ്ഞ ജീവിതം പ്രമുഖ സംവിധായകൻ സിനിമയാക്കുന്നു. മലയാളത്തിലെ പ്രമുഖനടനാണ് ശിവജിയുടെ റോൾ.

കൂട്ടുകാരന്റെ വീട്ടിലെ പട്ടിണി മാറ്റാൻ പതിനാറാം വയസിൽ പലചരക്ക് കടയിലെ അരി മോഷ്ടിച്ചത് മുതൽ ജീവിതം തുലച്ച കൊലക്കേസ് വരെ ശിവജിയുടെ ആത്മബന്ധങ്ങളുടെ കഥകളാണ്. സുഹൃത്തിനെ അടിച്ചത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.

60 വയസ് കഴിഞ്ഞ ശിക്ഷാതടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവിനെ തുടർന്ന് ഇന്നലെയാണ് ശിവജി പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ശിവജിയെപ്പറ്റി കേട്ടറിഞ്ഞ സംവിധായകൻ നേരിൽ കണ്ടാണ് ജീവിതം സിനിമയാക്കാൻ അനുമതി തേടിയത്. വർഷങ്ങൾക്ക് മുമ്പ് ഒരു ചാനൽ പരിപാടിയിലൂടെയാണ് ശിവജിയുടെ നൻമകൾ നാടറിഞ്ഞത്.

കൊലപാതകത്തിന്‌ ശേഷം പാലക്കാട്‌ മൂണ്ടൂരിലേക്ക്‌ മുങ്ങിയ ശിവജി അവിടെ പരിചയപ്പെട്ട സത്യഭാമയെ വിവാഹം ചെയ്‌തു. അതിൽ അജിതയെന്ന മകൾ പിറന്നു. അജിതയ്‌ക്ക്‌ ഒമ്പത്‌ ദിവസമായപ്പോൾ ശിവജി പൊലീസ്‌ പിടിയിലായി. ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ സത്യഭാമ ജീവനൊടുക്കി. പിന്നീട്‌ അജിത അമ്മൂമ്മയ്‌ക്കൊപ്പമായിരുന്നു. ആ മകളെ കാണാനുള്ള വെമ്പലിലാണ് ശിവജി നാല് തവണ ജയിൽ ചാടിയത്. അതോടെ ശിക്ഷാകാലാവധി കൂടി. പൊലീസ്‌ റിപ്പോർട്ട്‌ അനുകൂലമാകാത്തതിനാൽ കാലാവധി കഴിഞ്ഞിട്ടും മോചനം ലഭിച്ചില്ല. ഒരിക്കലും പരോളും ലഭിച്ചില്ല. രണ്ട്‌ തവണ പ്രത്യേക ഇളവിൽ മോചിപ്പിക്കാവുന്നവരുടെ പട്ടികയിൽ വന്നെങ്കിലും ഒഴിവാക്കപ്പെട്ടു. അമ്മൂമ്മയുടെ മരണശേഷം അനാഥയെപ്പോലെ കഴിഞ്ഞ അജിത ജയിലിൽ നിന്നുള്ള ചാനൽ പരിപാടിയിലൂടെയാണ് അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന് മനസിലാക്കിയത്. ജയിലിലെത്തി അച്ഛനെ കണ്ട അജിത മോചനത്തിന്‌ മുഖ്യമന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുമ്പോഴാണ്‌ കൊവിഡ് കാലത്ത് താൽക്കാലിക പരോൾ ലഭിച്ചത്‌.

മകൾക്കും മരുമകൻ രഞ്ജിത്ത്, ചെറുമക്കളായ അഭിരാം, ധീരജ്, ദീപക്ക് എന്നിവർക്കുമൊപ്പം മുണ്ടൂർ കൂട്ടുപാതയിലെ വീട്ടിൽ കഴിഞ്ഞ ശിവജി പരോൾ അവസാനിച്ചതോടെ ജയിലിലേക്ക് മടങ്ങി. ചെയ്തുപോയ തെറ്റുകളുടെ കുറ്റബോധത്തിലാണ് ഇപ്പോഴും ശിവജി. ശിഷ്ടകാലം മകൾക്കും ചെറുമക്കൾക്കുമൊപ്പം കഴിയാനാണ് മോഹം.