തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മൂന്നുതവണ പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് അക്രമം തടയാൻ അഞ്ച് റൗണ്ട് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു.

ചിതറിയോടിയ പ്രവർത്തകർ സംഘടിച്ചെത്തി വീണ്ടും പൊലീസിനുനേരെ തട്ടിക്കയറിയശേഷം കമ്പും കൊടിയും വലിച്ചെറിഞ്ഞു. ഉച്ചയ്‌ക്ക് 12ഓടെയാണ് സെക്രട്ടേറിയറ്റിലേക്ക് പ്രകടനമായി യുവമോർച്ച പ്രവർത്തകരെത്തിയത്. രണ്ട് മണിക്കൂറോളം സെക്രട്ടേറിയറ്റ് - സ്റ്റാച്യു വഴിയുള്ള ഗതാഗതം സ്‌തംഭിച്ചു. വനിതാമോർച്ചാ പ്രവർത്തകർ കറുത്ത വസ്ത്രമണിഞ്ഞാണ് പ്രതിഷേധത്തിനെത്തിയത്. മഴയത്തും പിന്മാറാതെ 250ഓളം വരുന്ന പ്രവർത്തകർ സംഘടിച്ചെത്തി ബാരിക്കേഡ് കടക്കാൻ ശ്രമിച്ചു.

വനിതാ പ്രവർത്തകർ ഉൾപ്പെടെ സെക്രട്ടേറിയറ്റിന്റെ നോർത്ത് - സൗത്ത് ഗേറ്റുകൾക്കിടയിലെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഭുൽകൃഷ്‌ണ, അരുവിക്കര മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ്‌ ആനകോട്, ജില്ലാ പ്രസിഡന്റ് സജിത്ത്,​ ജില്ലാ ട്രഷറർ ചൂണ്ടിക്കൽ ഹരി, വിഷ്‌ണു എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെയും കണ്ണീർവാതക പ്രയോഗത്തിൽ ശാരീരിക അസ്വാസ്ഥ്യമുണ്ടായവരെയും പൊലീസ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

ഡി.സി.പി അങ്കിത് അശോകന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം നിലയുറപ്പിച്ചത്. ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ്, ദിനിൽ ദിനേശ്, വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ്, സെക്രട്ടറി മനു പ്രസാദ്, ആശാനാഥ്, പാപ്പനംകോട് നന്ദു, അഭിജിത്ത്, ജമുൻ ജഹാംഗീർ, വീണ എന്നിവർ പങ്കെടുത്തു.

കറുപ്പിന് വിലക്ക്; പ്രതിഷേധിച്ച്

ബി.ജെ.പി കൗൺസിലർമാർ

കറുപ്പ് ചുരിദാർ ധരിച്ചതിന്റെ പേരിൽ ബി.ജെ.പി കൗൺസിലറെ കരുതൽ തടങ്കലിൽവച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ കറുപ്പ് വസ്ത്രമണിഞ്ഞെത്തി പ്രതിഷേധിച്ചു. നഗരസഭാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനിറങ്ങിയ കാഞ്ഞിരംപാറ കൗൺസിലർ സുമി ബാലുവിനെയാണ് കഴിഞ്ഞ ദിവസം പൂജപ്പുര പൊലീസ് അറസ്റ്റുചെയ്‌തത്. വസ്ത്ര സ്വാതന്ത്ര്യത്തിൽ കൈകടത്താൻ പിണറായി വിജയന് അധികാരമില്ലെന്നും മുഖ്യമന്ത്രി രാജിവയ്ക്കുംവരെ ബി.ജെ.പി പ്രതിഷേധിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനിൽ, പാർട്ടി പാർലമെന്ററി നേതാവ് എം.ആർ.ഗോപൻ, ജില്ലാ സെക്രട്ടറി ആർ.എസ്.രാജീവ്, ജില്ലാ ജനറൽ സെക്രട്ടറി വി.ജി.ഗിരികുമാർ, കൗൺസിലർമാരായ പി.അശോക്‌കുമാർ, കരമന അജിത്ത്, ആശാനാഥ് എന്നിവർ പങ്കെടുത്തു.