തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ ഇന്നലെയും യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തി. ലോക കേരള മാദ്ധ്യമസഭ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പരിപാടി നടന്ന മാസ്കോട്ട് ഹോട്ടലിലേക്ക് മുഖ്യമന്ത്രി എത്തുമ്പോഴാണ് പി.എം.ജിക്ക് സമീപത്തുവച്ച് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപ്രതീക്ഷിതമായി ചാടിവീണ് കരിങ്കൊടി വീശിയത്. രണ്ടുപേരെയും ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപേ തന്നെ വഴിയിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഇവരെ വെട്ടിച്ചാണ് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. പിടികൂടിയ രണ്ടു പേരെയും മ്യൂസിയം പൊലീസ് പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.