dd

തിരുവനന്തപുരം: പ്രകടനത്തിനിടെ കോൺഗ്രസിന്റെ കൊടികൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വലിച്ച് കീറാൻ

ശ്രമിച്ചത് തടഞ്ഞ പൂന്തുറ എസ്.ഐയുടെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി 8ന് കുമരിച്ചന്തയിലായിരുന്നു സംഭവം.

പൂന്തുറ സ്റ്റേഷനിലെ എസ്.ഐ എസ്. വിമലിനെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കമ്പുകൊണ്ടടിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ ചാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂന്തുറയിൽ നിന്ന് പുത്തൻപള്ളി ഭാഗത്തേക്ക് പ്രകടനമായി പോയ പ്രവർത്തകരാണ് കൊടികൾ വലിച്ച് കീറീയത്. കൊടി വലിച്ചു കീറീയ സംഭവമറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയായി.

സംഭവം ശ്രദ്ധയിൽപ്പെട്ട എസ്.ഐ കൊടി കീറിയ പ്രവർത്തകരെ തടയുന്നതിനിടെയായിരുന്നു പിന്നിൽ നിന്ന് ആക്രമിച്ചതെന്ന് പൂന്തൂറ പൊലീസ് പറഞ്ഞു. പരിക്കേറ്റ എസ്.ഐയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കീറിയ കൊടികൾ തിരിച്ച് കെട്ടിത്തരണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. തുടർന്ന് ശംഖുംമുഖം അസി.കമ്മീഷണർ ഡി.കെ. പൃഥിരാജിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രവർത്തകരുമായി ചർച്ച നടത്തി. ഒത്തുതീർപ്പിന് ഡി.വൈ.എഫ് പ്രവർത്തകർ വഴങ്ങിയില്ല. ആ വൈര്യാഗത്തിൽ കോൺഗ്രസ് പ്രവർത്തകർ സി.പി.എമ്മിന്റെ കൊടികളും വലിച്ചു കീറിയതായി ആരോപണമുണ്ട്.

രണ്ടുവിഭാഗങ്ങളും പൂന്തുറ പൊലീസിൽ പരാതി നൽകി. ഡ്യൂട്ടിക്കിടയിൽ എസ്.ഐ ആക്രമിച്ചതിനും ജോലിതടസപ്പെടുത്തിയതിനും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുന്നുമെന്ന് പൂന്തുറ പൊലീസ് അറിയിച്ചു. അടിച്ച പ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് ദൃക്സാക്ഷികളുണ്ടെങ്കിലോ സമീപത്തെ സി.സി ടിവി കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്.