adi

വിതുര: വിതുരയിൽ ഹോട്ടൽ ജീവനക്കാരനായ യുവാവിനെ താമസ സ്ഥലത്തു നിന്ന് രാത്രി തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ മൂന്നംഗസംഘത്തെ പൊലീസ് അറസ്റ്റുചെയ്തു. പാലക്കാട് സ്വദേശി ഹാരിഷിനാണ് (21) മർദ്ദനമേറ്റത്.പെരിങ്ങമ്മല ഒഴുകുപാറ നാല് സെന്റ് കോളനിയിൽ പാപ്പനംകോട് പനങ്ങോട് നാദുമൻസിലിൽ എസ്.ബാദുഷ (29), കല്ലറ തച്ചോണം പേഴുമൂട് വട്ടകൈതയിൽ വീട്ടിൽ എഫ്.അൽഫയാദ് (23), നെടുമങ്ങാട് വാളിക്കോട് ദർശന സ്കൂളിന് സമീപം സുൽത്താൻ മൻസിലിൽ എസ്. സുൽത്താൻഷാ (23) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളുടെ നെടുമങ്ങാട്ടുള്ള ഹോട്ടലിൽ ജീവനക്കാരനായിരുന്ന ഹാരിഷ് പ്രതികളോട് പറയാതെ ഇവിടത്തെ ജോലി ഉപേക്ഷിച്ച് വിതുരയിലുള്ള ഹോട്ടലിൽ ജോലിക്ക് കയറിയതിന്റെ വൈരാഗ്യത്തിലാണ് മർദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 11ഓടെ പ്രതികൾ ഹാരീഷ് താമസിച്ചിരുന്ന വീട്ടിലെത്തി കാറിൽ തട്ടിക്കൊണ്ടുപോയി പെരിങ്ങമ്മലയിൽ എത്തിച്ച് ക്രൂരമായി മർദ്ദിച്ച ശേഷം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

വിതുര സി.ഐ എസ്.ശ്രീജിത്, എസ്.ഐ വിനോദ്കുമാർ, എ.എസ്.ഐ പത്മരാജ്,എസ്.സി.പി.ഒ രജിത്,സി.പി.ഒ സുമേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.