jun16a

ആറ്റിങ്ങൽ: ഇരട്ടകളായ അപർണയും അഞ്ജനയും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കി. മേലാറ്റിങ്ങൽ പാറവിള വീട്ടിൽ നിർമ്മാണ തൊഴിലാളിയായ ഷിബുവിന്റെയും തയ്യൽ തൊഴിലാളിയായ ബീനയുടെയും മക്കളാണ് ഈ മിടുക്കികൾ.

വൃദ്ധയായ മാതാവിനെയും അസുഖക്കാരനായ സഹോദരനേയും സംരക്ഷിക്കുന്ന ഷിബു വീടിന്റെ ചെലവ് നടത്തിക്കൊണ്ട് പോകാൻ തന്നെ ബുദ്ധിമുട്ടുന്നുണ്ട്. കൊവിഡ് കാലത്ത് ഭക്ഷണത്തിന് പോലും വകയില്ലാതെ വിഷമിച്ച നാളുകളുണ്ടായിരുന്നു. എല്ലാ സങ്കടങ്ങളും സഹിച്ചാണ് ഈ ഇരട്ടകൾ പഠിച്ചത്. ബന്ധു വാങ്ങി നൽകിയ മൊബൈലിലായിരുന്നു പഠനം. കൂടാതെ ഇവരെ പഠനത്തിൽ സഹായിക്കാൻ ആറ്റിങ്ങൽ വിദ്യാപീഠം എന്ന പാരലൽ സ്ഥാപനത്തിലെ അദ്ധ്യാപകൻ പ്രസാദും ഉണ്ടായിരുന്നു. ആറ്രിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണിവർ.