കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിൽ കുടിവെള്ളം നിലച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. അഞ്ചുതെങ്ങ് താഴമ്പള്ളി ഹാർബറിലാണ് കുടിവെള്ളം നിലച്ചത്. പമ്പ് തകരാറാണ് കുടിവെള്ളം നിലയ്ക്കാൻ കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഹാർബറിലെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് വാട്ടർ അതോറിട്ടിയുടെ കുടിവെള്ളമാണ്, കുടിവെള്ളം ടാങ്കിൽ ശേഖരിച്ച് പമ്പ് ഉപയോഗിച്ചാണ് ഉപയോഗിക്കുന്നത്. പ്രധാന പമ്പ് തകരാറിലായതാണ് ഹാർബറിൽ വെള്ളം നിലയ്ക്കാൻ കാരണമായതെന്ന് തൊഴിലാളികൾ പറയുന്നു.

ഇത് കാരണം ടോയ്‌ലെറ്റിൽ പോകാൻ പോലും തൊഴിലാളികൾക്ക് കഴിയുന്നില്ല. ലേലത്തറ ശുചീകരണവും ഏതാണ്ട് നിലച്ച മട്ടാണ്. ഹാർബറിലെ സ്ത്രീകളടക്കമുള്ള മത്സ്യത്തൊഴിലാളികൾ നിരവധി തവണ ഹാർബർ ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.