1

പൂവാർ: കാഞ്ഞിരംകുളം പൊതുമാർക്കറ്റ് ആധുനിക രീതിയിൽ നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. നിലവിൽ മാർക്കറ്റിന് മേൽക്കൂരയില്ല. കൂടാതെ വലിയ കെട്ടിടങ്ങൾക്കു നടുവിൽ ഇടുങ്ങിയ സ്ഥലത്താണ് കച്ചവടക്കാർ ഇരിക്കുന്നത്. വെയിൽ ഏൽക്കാതിരിക്കാൻ ഉയരത്തിൽ ടാർപ്പോളിനുകൾ വലിച്ചുകെട്ടിയിട്ടുണ്ട്. സാധനങ്ങൾ വാങ്ങാനെത്തുന്നവർക്കും നിന്നു തിരിയാൻ ഇടമില്ലാത്ത അവസ്ഥ. കൂടാതെ മാലിന്യം ഒഴികുപ്പോകാൻ ആവശ്യത്തിന് ഓടകൾ ഇല്ല. ഇതാണ് മാർക്കറ്റിനുള്ളിലെ കാഴ്ച. ഈ ദുരവസ്ഥയ്ക്ക് പരിഹാരം വേണമെന്നാണ് നാട്ടുകാർ പറയുന്നത്. വളരെക്കാലത്തെ പഴക്കം മാർക്കറ്റിനുണ്ട്. നിത്യസഹായ മാതാ ദേവാലയം സജന്യമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ഇത് 50 സെന്റ് പോലും വരില്ലെന്ന് നാട്ടുകാർ പറയുന്നു. നെയ്യാറ്റിൻകര, ബാലരാമപുരം, കോട്ടുകാൽ, കരുംകുളം, പൂവാർ, തിരുപുറം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുവരെ ആളുകൾ ഈ ചന്തയിൽ എത്തുമായിരുന്നു. 1990ൽ ആണ് ഗ്രാമപഞ്ചായത്ത് ആദ്യമായി മാർക്കറ്റിംഗ് കോംപ്ലക്സ് സ്ഥാപിച്ചത്. 1994ൽ മുകളിലത്തെ നിലയുൾപ്പെടെ രണ്ടാംഘട്ടവും പൂർത്തീകരിച്ചു. 2001ൽ വനിതാ വിപണന കേന്ദ്രത്തിന് തുടക്കം കുറിച്ചെങ്കിലും പ്രാവർത്തികമായില്ല. മാർക്കറ്റിനുള്ളിൽ അടുത്ത കാലത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഷെഡ് കച്ചവടക്കാർ ഉപയോഗിക്കാറില്ല. പത്തോളം വരുന്ന ഇറച്ചി വില്പന സ്റ്റാളുകൾ ഈ കെട്ടിടത്തോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.