stal

മുടപുരം: മുട്ടപ്പലം മാർക്കറ്റ് ജംഗ്‌ഷന് സമഗ്ര വികസനം സാദ്ധ്യമാകാത്തതിൽ നാട്ടുകാർ പരാതി. അഴൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്‌ഷനുകളിൽ ഒന്നായ ഇവിടെ വികസനം ഉണ്ടാകാൻ വർഷങ്ങളായി നാട്ടുകാർ കാത്തിരിക്കുകയാണ്. അഴൂർ - ശാസ്തവട്ടം റോഡും മുടപുരം - മുട്ടപ്പലം റോഡും സന്ധിക്കുന്ന ജംഗ്‌ഷനാണിത്.

ജനസാന്ദ്രത കൊണ്ട് മുന്നിൽ നിൽക്കുന്ന ഈ പ്രദേശത്ത് കാലത്തിന് അനുസരിച്ച് വികസനം എത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഗ്രാമപഞ്ചായത്തിലെ 8,9,14 വാർഡുകൾ ചേരുന്ന ജംഗ്‌ഷനാണ് ഇത്. പബ്ലിക് മാർക്കറ്റിന് പുറമേ ഹോട്ടലുകൾ,സ്റ്റേഷനറി കടകൾ,ബേക്കറികൾ,ഇലക്ട്രിക് കട,മെഡിക്കൽ സ്റ്റോർ,സ്റ്റുഡിയോ,ലോട്ടറിക്കടകൾ,ബാർബർ ഷോപ്പുകൾ,ഓൺലൈൻ ജനസേവനകേന്ദ്രം,റേഷൻ കട,അങ്കണവാടി,പെരുങ്ങുഴി ക്ഷീരസംഘത്തിന്റെ പാൽസംഭരണ കേന്ദ്രം,വെൽഡിംഗ് വർക്ക് ഷോപ്,ആരാധനാലയങ്ങൾ തുടങ്ങിയവ ഈ ജംഗ്‌ഷനിൽ പ്രവർത്തിക്കുന്നു.

അഴൂർ - മുട്ടപ്പലം സർവീസ് സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം നിർമ്മിക്കുന്നതിനുള്ള സ്ഥലവും ഈ ജംഗ്‌ഷനോട് ചേർന്നാണ്. ബാങ്കിന്റെ ഹെഡ് ഓഫീസും ഈ ജംഗ്‌ഷന്റെ സമീപം തന്നെ. ഓട്ടോ-ടാക്സി സ്റ്റാൻഡ് പ്രവർത്തിക്കുന്ന ഇവിടം സ്ഥലത്തെ പ്രധാന ബസ് സ്റ്റോപ്പാണ്. അതിനാൽ ജംഗ്ഷന് വികസനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജീ‌ർണാവസ്ഥയിൽ

വികസന പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ മാർക്കറ്റിനോട് ചേർന്ന് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് ജീർണാവസ്ഥയിലാണ്. 60 വർഷം മുൻപ് നിർമ്മിച്ച കെട്ടിടം കാലപ്പഴക്കം മൂലം മേൽക്കൂരയ്ക്കും ചുമരിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകി വീഴുകയാണ്. ഇടയ്ക്ക് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ചോർച്ചയ്ക്ക് ശമനം ഉണ്ടായിട്ടില്ല.

നാട്ടുകാരുടെ ആവശ്യങ്ങൾ

മൂന്ന് റോഡുകളും സന്ധിക്കുന്ന ജംഗ്‌ഷന്‌ വിസ്തൃതി കൂടുമ്പോൾ ട്രാഫിക് സ്‌ക്വയർ നിർമ്മിക്കണമെന്ന് നിർദ്ദേശമുണ്ട്.ഇതിന് പുറമേ മാർക്കറ്റ് പുതുക്കിപ്പണിത് ആധുനിക രീതിയിലുള്ള ഹൈടെക് ഫിഷ് മാർക്കറ്റ് നിർമ്മിക്കണം.അതോടൊപ്പം മറ്റ് സാധനസാമഗ്രികൾ ക്രയവിക്രയം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണം.ഡ്രെയിനേജ് സംവിധാനത്തോട് കൂടിയ ശുചീകരണ സംവിധാനവും ഒരുക്കണം. ഇതിനായി ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് പദ്ധതി തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി സർക്കാരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും വിവിധ ഏജൻസികളിൽ നിന്നും ഫണ്ട് കണ്ടെത്തണം.