
നെയ്യാറ്റിൻകര: ഇടതുപക്ഷ പാർട്ടികളുടെ ഐക്യം ഉണ്ടാകാൻ വൈകിയാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബുൾഡോസർ ഉരുളുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമരവിള കെ. ഭാസ്കരൻ നഗറിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി പാർട്ടി ജില്ലാ കൗൺസിലംഗം എൻ. അയ്യപ്പൻ നായർ പതാക ഉയർത്തി. പാർട്ടി മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദകുമാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. എൻ. സജീവ്കുമാർ രക്തസാക്ഷി പ്രമേയവും വി.ഐ. ഇണ്ണികൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ്.രാഘവൻ നായർ, എൻ.കെ. അനിതകുമാരി, അഡ്വ. വി.വി. വിശാഖ് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ലതാ ഷിജു മിനിട്സ് കമ്മിറ്റി കൺവീനറായും എ. മോഹൻ ദാസ് പ്രമേയ കമ്മിറ്റി കൺവീനറായും പി.പി.ഷിജു ക്രഡൻഷ്യൽ കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചു. ജില്ലാ കൗൺസിലംഗം ജി.എൻ. ശ്രീകുമാരൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിലംഗങ്ങളായ അഡ്വ. ജെ. വേണുഗോപാലൻ നായർ, വി.പി. ഉണ്ണികൃഷ്ണൻ, അരുൺ കെ.എസ്, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ എം. രാധാകൃഷ്ണൻ നായർ, വെങ്ങാനൂർ ബ്രൈറ്റ്, പൂവച്ചൽ ഷാഹുൽ, പി.കെ. രാജു, അഡ്വ. ഇന്ദിര രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.