
കല്ലമ്പലം: ശക്തിയായി മഴ പെയ്താൽ മുട്ടൊപ്പം വെള്ളം പൊങ്ങുന്ന പാറച്ചേരിയിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണുമെന്ന് മുൻ എൽ.സി സെക്രട്ടറിയും ഏരിയാകമ്മിറ്റി അംഗവുമായ ഇ.ജലാലുദ്ദീൻ അറിയിച്ചു. കേരള കൗമുദിയിൽ മേയ് 24 ന് "മഴ പെയ്താൽ പാറച്ചേരി റോഡിൽ നീന്താം" എന്ന തലക്കെട്ടിൽ വന്ന വാർത്തയെ തുടർന്നാണ് നടപടി.
നാവായിക്കുളം - തുമ്പോട് റോഡിൽ ഡീസന്റ് മുക്കിനും കപ്പാംവിളയ്ക്കും ഇടയ്ക്കാണ് പാറച്ചേരി. ഇവിടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് നാല് മാസത്തോളമായി. റോഡിന് സമീപം ഉയരത്തിലായിരുന്ന ഭൂമി അശാസ്ത്രീയമായ രീതിയിൽ സ്വകാര്യ വ്യക്തി ജെ.സി.ബി കൊണ്ടിടിച്ച് നിരപ്പാക്കുകയും ഓടകൾ നികന്നുപോകുകയും ചെയ്തതോടെയാണ് വെള്ളക്കെട്ട് ഉണ്ടാകാൻ തുടങ്ങിയത്.
വീട്ടുടമകൾ ഗേറ്റിന് മുൻവശം ഉയർത്തി തടയണ നിർമ്മിച്ചാണ് ഒഴുക്ക് തടഞ്ഞത്. ഇതോടെ ഇവരുടെ വാഹനങ്ങൾ വീടിന് പുറത്തിറക്കാൻ കഴിയാതായി. ഇതോടെയാണ് കേരള കൗമുദി വാർത്ത നൽകിയത്. ഇ. ജലാലുദ്ദീന്റെ ശ്രമഫലമായി കിളിമാനൂർ അസി.എൻജിനീയർ സുബോദ് സ്ഥലം സന്ദർശിക്കുകയും പരിശോധനയിൽ വെള്ളക്കെട്ടിന് പരിഹാരമായി റോഡിൽ ചില മാറ്റങ്ങൾ വരുത്തുന്നതിന് ധാരണയായി. നാവായിക്കുളം - കൈതോട് - ശബരിമല പാതയ്ക്ക് 8 കോടി 26 ലക്ഷം അനുവധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.