ആര്യനാട്: സ്കൂളുകളും കോളേജും തുറന്നിട്ടും നിറുത്തിവച്ചിരുന്ന ബസ് സർവീസ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് വിദ്യാർത്ഥികൾ പൂട്ടിയിട്ട് പ്രതിഷേധിച്ചു.
മുൻപ് ആര്യനാട് ഡിപ്പോയിൽ നിന്ന് രാവിലെ 8.30ന് വിതുര വഴി ഇക്ബാൽ കോളേജിലേക്ക് ബസ് ഉണ്ടായിരുന്നു.എന്നാൽ കൊവിഡിനെ തുടർന്ന് ഈ സർവീസ് നിറുത്തിവച്ചു. വിതുര ഡിപ്പോയിൽ നിന്നായിരുന്നു ഈ സർവീസ് തുടങ്ങിയിരുന്നത്. കൊവിഡിന്റെ തീവ്രത കുറഞ്ഞ് സ്കൂളുകളും കോളേജുകളും തുറന്നു. എന്നിട്ടും സർവീസ് പുനഃരാരംഭിച്ചിരുന്നില്ല.
ഇക്ബാൽ കോളേജിലേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആര്യനാട് ഗ്രാമപഞ്ചായത്ത് കെ.എസ്.ആർ.ടി.സിയെ നിരവധി തവണ ബന്ധപ്പെട്ടിട്ടും സർവീസ് ആരംഭിക്കാൻ നടപടിയൊന്നുമുണ്ടായില്ല. വിതുര ഗവ. ഹൈസ്കൂൾ, ആനപ്പാറ സ്കൂൾ, ഇക്ബാൽ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരും, നൂറിൽപ്പരം വിദ്യാർത്ഥികളുമാണ് ഈ ബസിനെ ആശ്രയിച്ചിരുന്നത്.
സർവീസുകൾ ആരംഭിക്കാത്തതിനെ തുടർന്നാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘം ഡിപ്പോ ഉപരോധിച്ചത്.
ഡിപ്പോയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത് വനിതാ കണ്ടക്ടറായിരുന്നു. സമരക്കാർ ഡിപ്പോ പൂട്ടിയിട്ട വിവരം കൺട്രോൾ റൂമിലും നെടുമങ്ങാട് ഡി.ടി.ഒയെയും,ആര്യനാട് പൊലീസ് സ്റ്റേഷനിലും അറിയിച്ചു.
എന്നാൽ സർവീസ് തുടങ്ങുന്നതു സംബന്ധിച്ച് യാതൊരു ഉറപ്പും അധികൃതർക്ക് നൽകാനായില്ല. തുടർന്ന് സി.പി.എം വിതുര ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി,ആര്യനാട് ലോക്കൽ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ നെടുമങ്ങാട് ഡി.ടി.ഒ സ്ഥലത്തെത്തി ഇന്ന് മുതൽ ആര്യനാട്ടു നിന്ന് ഇക്ബാൽ കോളേജിലേക്ക് സർവീസ് ആരംഭിക്കാമെന്ന് ഉറപ്പ് നൽകി. ഇതോടെയാണ് സമരക്കാർ പിൻമാറിയത്.