p

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. ഇതിനായി മുഖ്യമന്ത്രിയുടെ സമയം തേടി. സംഭവത്തിനു ശേഷം ഒളിവിൽ പോയ മൂന്നാം പ്രതി സുനീത് നാരായണനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കും. വിമാനത്താവളത്തിന് പുറത്തെത്തിയ ശേഷം സുനീത് ബന്ധപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്യും. വിമാനത്തിലെ പ്രതിഷേധത്തിനായി കണ്ണൂരിൽ നടത്തിയ ഗൂഢാലോചന പ്രത്യേകം അന്വേഷിക്കാനും ഇന്നലെ ചേർന്ന അന്വേഷണ സംഘത്തിന്റെ യോഗം തീരുമാനിച്ചു.


പ്രതിഷേധം നടന്ന ഇൻഡിഗോയുടെ കണ്ണൂർ - തിരുവനന്തപുരം വിമാനത്തിൽ പൊലീസ് ഇന്നലെ പരിശോധന നടത്തി സീൻ മഹസർ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറുമായാണ് തെളിവെടുത്തത്. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് 4.45 മുതൽ 5.20 വരെയായിരുന്നു പരിശോധന. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരുടെയും ജീവനക്കാരുടെയും വിശദമായ മൊഴി ഉടൻ രേഖപ്പെടുത്തും. പ്രതികളായ തലശേരി മട്ടന്നൂർ പഴശിരാജ കോളേജിനടുത്ത് ദാരുസിറാജിൽ ഫർസീൻ മജീദ് (27), തലശേരി കൂടാളി പട്ടാനൂർ നാരായണീയം വീട്ടിൽ നവീൻ കുമാർ (37) എന്നിവർ റിമാൻഡിലാണ്. ഐ.പി.സി 120-ബി (ഗൂഢാലോചന), 332 (ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസമുണ്ടാക്കുക), 307 (വധശ്രമം), 34 (സംഘടിത കുറ്റകൃത്യം), എയർക്രാഫ്‌റ്റ് ആക്ടിലെ സെക്ഷൻ 11എ, എയർക്രാഫ്റ്റ് റൂൾസിലെ സെക്ഷൻ 3(1) (എ), 22 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ടു ഇൻഡിഗോ വിമാനക്കമ്പനി പൊലീസിനു കൈമാറിയ റിപ്പോർട്ട് വിവാദത്തിലായിട്ടുണ്ട്. യൂത്ത്‌കോൺഗ്രസ് നേതാക്കളെ തള്ളിയിട്ട എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ പേരുൾപ്പെടാത്താതെ മാനേജർ തയ്യാറാക്കി പൊലീസിനു നൽകിയ റിപ്പോർട്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നു ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷം രംഗത്തെത്തിയത്. റിപ്പോർട്ട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇൻഡിഗോ കമ്പനിയ്ക്കു പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ മാനേജർ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് ആരോപണം.