
ലോകത്തെവിടെയിരുന്ന് ഏത് ദൂരദർശിനിയിലൂടെ നോക്കിയാലും കാണുന്ന സൂര്യനും ചന്ദ്രനും ഒരു വ്യത്യാസവുമില്ല. അതുപോലെയാണ് ശാശ്വതമായ സത്യവും ആനന്ദവും- അദ്ധ്യാപകനായി സേവിച്ച് വിരമിച്ചശേഷം ഈശ്വരമാർഗം സ്വീകരിച്ച ദുർഗാനന്ദയുടെ നിരീക്ഷണമാണ്. മിക്കവാറും പുസ്തകങ്ങളുടെ നടുവിലായിരിക്കും അദ്ദേഹം. സ്കൂളിലെ പഴയ സഹപ്രവർത്തകരും പ്രഭാഷണങ്ങൾ കേട്ട് ഇഷ്ടപ്പെട്ടവരും ഇടയ്ക്കിടെ കാണാനെത്തും. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു വേദിയിൽ ആത്മീയ പ്രഭാഷണം നടത്തണം. അതിനു ക്ഷണിക്കാനാണ് സുഹൃത്തായ രാമചന്ദ്രൻ എത്തിയത്. കൈക്കുമ്പിളിലെ വെള്ളവും മഹാസമുദ്രവും തമ്മിൽ ഉള്ളടക്കത്തിലെന്ത് വ്യത്യാസം? പുഞ്ചിരിയോടെ ദുർഗാനന്ദ ചോദിച്ചു. ആൾക്കൂട്ട പ്രലോഭനത്തെ അങ്ങനെ ആദ്യമേ ഖണ്ഡിച്ചു. കാറൊന്നും വേണ്ട. കാൽനടയായി കൃത്യസമയത്ത് എത്തിക്കൊള്ളാം. സൽക്കാരമോ ഉപഹാരമോ ഒന്നും വേണ്ട - തന്റെ നിലപാടുകൾ അദ്ദേഹം വ്യക്തമാക്കി. ലോകക്ഷേമത്തിനും ആത്മശാന്തിക്കും വരെ പ്രസംഗിക്കുന്നതിന് മണിക്കൂറും മിനിട്ടും കണക്കാക്കി കാശുകൈപ്പറ്റുന്ന തീപ്പൊരി പ്രസംഗകർക്കിടയിൽ ഇങ്ങനെയും ഒരു പ്രഭാഷകനോ എന്ന് രാമചന്ദ്രൻ അതിശയിച്ചു.
ആൾക്കൂട്ടം ഒരു ലഹരിയാണ്. ഒരു സ്വപ്നം പോലെയാണ്. ചിന്തിച്ചുനോക്കിയാൽ അതിൽ ഒരു കഥയുമില്ല. തേനും മണവും നിറവുമുള്ളിടത്ത് ചിത്രശലഭങ്ങളുടെ വൻകൂട്ടമായിരിക്കും. അതൊഴിഞ്ഞാലോ ശുദ്ധശൂന്യതയും. സമ്പന്നന്റെ ചുറ്റും വലിയ ആൾക്കൂട്ടമായിരിക്കും. സമ്പത്തെന്നാൽ അധികാരമുള്ളിടം, സ്വാധീനമുള്ളവൻ, ബലിഷ്ഠൻ എന്നൊക്കെ വ്യാഖ്യാനിക്കാം - ദുർഗാനന്ദ പുഞ്ചിരിയോടെ പറഞ്ഞു. സമ്പന്നൻ വലിയ കടക്കാരനായി എന്നറിഞ്ഞാലോ? പത്താളെ ഒറ്റയ്ക്കു നേരിടാൻ പോന്ന ബലവാന് മാറാരോഗം ബാധിച്ചെന്നറിഞ്ഞാലോ എന്തായിരിക്കും ഫലം. മുൻ പ്രധാനമന്ത്രി, മുൻ പ്രസിഡന്റ് എന്നൊക്കെ കേൾക്കുമ്പോൾ എത്ര ആൾക്കൂട്ടമുണ്ടാകും. അധികാരത്തിൽ ഭ്രമിച്ച് സിംഹാസനങ്ങൾ സ്വപ്നം കാണുന്നവർ ഇക്കാര്യം ഓർക്കണം. വാനപ്രസ്ഥമെന്നാൽ എല്ലാം ഉപേക്ഷിച്ചുപോകലല്ല. ഫ്ളാറ്റിലുമാകാം വാനപ്രസ്ഥം. ജയിലിലുമാകാം ആ മാനസികാവസ്ഥ. ആൾക്കൂട്ടലഹരി മത്തുപിടിപ്പിക്കുമ്പോഴും അതിൽ മതിമറക്കുമ്പോൾ മറക്കരുത് സ്വപ്നത്തിൽ നിന്ന് ഉണരുമ്പോലെ അതെല്ലാം നഷ്ടപ്പെടുന്ന ഒരവസ്ഥ തൊട്ടുമുന്നിലുണ്ടെന്ന്. ജീവിതത്തിൽ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ തനിക്കു ചുറ്റും ആൾക്കൂട്ടങ്ങൾ രൂപപ്പെടുമെന്നും ചില ഘട്ടങ്ങളിൽ അതൊഴിഞ്ഞ് വെറും ഏകനാകുമെന്നും ഓരോ വ്യക്തിയും ചിന്തിക്കണം. വേരുവരെ കായ്ച്ചുകിടക്കുന്ന പ്ളാവും ഒരു ചക്ക പോലുമില്ലാത്ത പ്ളാവും രണ്ടല്ല. ഒരേ മരത്തിന്റെ രണ്ടവസ്ഥ. എല്ലാ വ്യക്തികൾക്കുമുണ്ടാകും ഈ അവസ്ഥ.
എല്ലാം കൗതുകത്തോടെ കേട്ടിരുന്ന പഴയ സഹപ്രവർത്തകനോട് രമണ മഹർഷി ഒരിക്കൽ ശിഷ്യനോട് സൂചിപ്പിച്ച കഥ ദുർഗാനന്ദ ഓർമ്മിപ്പിച്ചു. സീതയെ കാണാതായപ്പോൾ രാമൻ ദുഃഖിച്ചു. പരിപൂർണനായ രാമൻ എന്തിനങ്ങനെ ദുഃഖിച്ചു എന്ന് ശ്രീപാർവതി ശ്രീപരമേശ്വരനോട് സംശയം ചോദിച്ചു. സീതയുടെ രൂപത്തിൽ ശ്രീരാമന്റെ മുന്നിലെത്താൻ മഹേശ്വരൻ പാർവതിയോട് പറഞ്ഞു. പാർവതി അതനുസരിച്ചെങ്കിലും പാർവതിയെ കാണാത്തതുപോലെ നടിച്ച് രാമൻ സീതേ സീതേ എന്ന് വിലാപം തുടർന്നു. അതുപോലെയാണ് ആൾക്കൂട്ടഭ്രമവും. താൻ തന്നെയാണ് ആൾക്കൂട്ടമെന്ന് തിരിച്ചറിഞ്ഞാൽ അതിൽ അമിതഭ്രമം തോന്നുകയില്ല. കഥ കേട്ട് രാമചന്ദ്രൻ ഇറങ്ങുമ്പോൾ ആൾക്കൂട്ടം കൂടെയുള്ളതുപോലെ തോന്നി.
ഫോൺ: 9946108220