1

വിഴിഞ്ഞം: നെതർലാൻഡിൽ നിന്ന് പായ്ക്കപ്പലിൽ വിഴിഞ്ഞത്തെത്തിയ സഞ്ചാരി ജെറോം ഏലൗട്ട് കഴിഞ്ഞ ദിവസം വൈകിട്ട് തീരം വിട്ടു. ഇനി തൂത്തുകുടിയിലേക്കാണ് ജെറോമിന്റെ യാത്ര. കൂട്ടിന് മലയാളിയായ ദിനയ് എന്ന സുഹൃത്തുമുണ്ട്. ആരോഗ്യ പ്രശ്നം കാരണം കടൽ യാത്ര തൂത്തുകുടിയിൽ അവസാനിപ്പിക്കും. പായ്ക്കപ്പൽ തൂത്തുകുടിയിലെ ബോട്ട് ക്ലബിന് 5 ലക്ഷം രൂപയ്ക്ക് വിൽക്കും. വിഴിഞ്ഞത്ത് വച്ച് വിൽക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. വിഴിഞ്ഞം മുതൽ 40 മണിക്കൂർ യാത്രയുണ്ട് തുത്തു കൂടിയിലേയ്ക്ക്.രണ്ട് വർഷം മുമ്പാണ് ജെറോം പായ്ക്കപ്പലുമായി ലോകം ചുറ്റാനിറങ്ങിയത്. ഫ്രീ ഡൈവിംഗ് കോച്ചസ് ഒഫ് ഏഷ്യ ഫൗണ്ടേഷൻ നടത്തുന്ന ജെറോം കൊച്ചിയിൽ നിന്ന് തൂത്തുക്കുടിയിലേക്കുള്ള പായ്ക്കപ്പൽ യാത്രയ്ക്കിടെ തമിഴ്നാട് തീരമായ ഇനയം ഭാഗത്ത് വച്ച് ദേഹാസ്വാസ്ഥ്യം തോന്നിയതോടെയാണ് വിഴിഞ്ഞം തീരത്തേക്ക് എത്തിയത്. സ്റ്റെഡർ എന്ന് പേരുള്ള പായ്ക്കപ്പലിൽ മാലി ദ്വീപ് വഴി കൊച്ചിയിലെത്തിയ തുടർന്ന് കൊല്ലത്തെത്തിയപ്പോൾ കാലിൽ ചെറിയ പരിക്കുണ്ടായി. ഈ പരിക്ക് കാരണമാണ് കടൽ യാത്ര അവസാനിപ്പിക്കുന്നത്. ഇനി നാട്ടിലേക്ക് വിമാനം കയറും. പായ്ക്കപ്പലിൽ കാറ്റിന്റെ സഹായത്തോടെയാണ് യാത്ര ചെയ്തിരുന്നത്.