തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരെ കായികമായി നേരിടുകയും ജനാധിപത്യ സമരങ്ങൾക്കെതിരെ നിലകൊള്ളുകയും ചെയ്യുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ലോക കേരളസഭ ബഹിഷ്‌കരിക്കാനുള്ള യു.ഡി.എഫ് തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. യു.ഡി.എഫ് പ്രവർത്തകർ തെരുവിൽ സമരം നയിക്കുമ്പോൾ ഒ.ഐ.സി.സി പ്രവർത്തകർക്ക് അത് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സഭയിൽ പങ്കെടുത്ത് പ്രതിഷേധം അറിയിക്കും. പ്രവാസി പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി വിനിയോഗിക്കുക എന്നതുമാത്രമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഒ.ഐ.സി.സി ഭാരവാഹികൾ പറഞ്ഞു. പ്രവാസികൾക്ക് നാളിതുവരെ യാതൊരു പ്രയോജനവും ലഭിക്കാത്ത സഭയാണിത്. ഏറെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം ഒന്നും, രണ്ടും ലോക കേരളസഭയെ നോക്കിക്കണ്ടത്. എന്നാൽ പ്രഖ്യാപനങ്ങളുടെയും പാഴ്‌ചർച്ചകളുടെയും മാത്രം വേദിയായി അത് അവസാനിക്കുകയായിരുന്നുവെന്നും ശങ്കരപ്പിള്ള പറഞ്ഞു. പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി യു.എസ്.എ പ്രതിനിധി ജെയിംസ് കോടേൽ,​ കാനഡ പ്രതിനിധി പ്രിൻസ് കാലായിൽ എന്നിവരും പങ്കെടുത്തു.