
വർക്കല: വർക്കല നഗരസഭയ്ക്ക് കൈമാറ്റം ചെയ്ത് കിട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കുരയ്ക്കണ്ണി ഗവ. എം.വി.എൽ.പി സ്കൂൾ സംരക്ഷണവും കാത്ത് കിടക്കുന്നു. മേൽക്കൂരയും ചുറ്റുമതിലും ചില ഭാഗങ്ങളും ഏതുനിമിഷവും തകർന്ന് നിലം പൊത്താവുന്ന അവസ്ഥയിലാണ്. അടുത്ത വർഷം നൂറ് തികയുന്ന വിദ്യാലയത്തിനോട് അധികൃതർ കാണിക്കുന്നത് കടുത്ത അവഗണനയാണെന്നാണ് രക്ഷിതാക്കളുടെ പരാതി.
നീളത്തിൽ പണിത കെട്ടിടത്തിൽ സ്റ്റാഫ് മുറി അടക്കം നാല് ക്ലാസ് മുറികളാണുള്ളത്. പകുതി ചുമരും ഗ്രില്ലുകളും ആയതിനാൽ മഴ പെയ്യുമ്പോൾ ക്ലാസ് മുറിയിലേക്ക് വെള്ളം അടിച്ച് കടക്കും. കെട്ടിടത്തിന്റെ മേൽക്കൂര ടിൻ ഷീറ്റിലും കൂടാതെ പ്ലൈവുഡ് സീലിംഗ് പാനലുകളും ഉൾപ്പെടും.
ഈ അദ്ധ്യയന വർഷം കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കില്ലെന്ന സ്ഥിതി ഉണ്ടായെങ്കിലും ഒടുവിൽ പഠനം നടത്താൻ ഇളവ് നൽകുകയായിരുന്നു. 51 സെന്റ് പുരയിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
സ്കൂളിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിലും നവീകരണ പ്രവർത്തനങ്ങൾക്ക് മതിയായ ഫണ്ട് അനുവദിക്കുന്നതിലും വിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ട നഗരസഭയും ഗുരുതരമായ വീഴ്ചവരുത്തുന്നതായും ആക്ഷേപമുണ്ട്.