
കല്ലറ: കൊവിഡ് മഹാമാരിയുടെ ഇടവേളയിൽ നിശ്ചലമായിപ്പോയ കളിയരങ്ങുകൾ സജീവമാക്കാനുള്ള തത്രപ്പാടിലാണ് ഒരു കായിക അദ്ധ്യാപകൻ. ഗ്രാമീണ മേഖലയിലെ സർക്കാർ വിദ്യാലയമായ മിതൃമ്മല ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക അദ്ധ്യാപകനും എൻ.സി.സി ഓഫീസറുമായ വിജയകുമാറാണ് കളിക്കളങ്ങൾ സജീവമാക്കുന്നതിന്റെ പിന്നിലുള്ളത്. വേനൽമഴ എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിച്ചാണ് വിജയകുമാർ തന്റെ ഉദ്യമത്തിന് തുടക്കംകുറിച്ചത്. പുതിയ തലമുറയ്ക്ക് ഉണർവ് നൽകാൻ പൂർവ്വ വിദ്യാർത്ഥികളെയും കായിക പ്രതിഭകളെയും ക്യാമ്പിന്റെ ഭാഗമായി സ്കൂളിൽ എത്തിച്ചു. മിതൃമ്മല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ സി. രാജേന്ദ്രൻ (ഐ.എഫ്.എസ്),ഡിവൈ.എസ്.പിമാരായ ബൈജു, സുൽഫിക്കർ, സർക്കിൾ ഇൻസ്പെക്ടർമാരായ സിജു കെ.എൽ. നായർ, വിനോദ് കുമാർ, സംവിധായകൻ സുജിത് ലാൽ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. വേനൽക്കാല കായിക പരിശീലന ക്യാമ്പ് ഒളിമ്പ്യൻ മുഹമ്മദ് അനസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഹാൻഡ് ബാൾ താരം ശിവപ്രസാദ്, ഡോ. മേജർ അനിൽ എന്നിവർ മുഖ്യാതിഥിയായി.