pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കുമാരപുരം, ചെങ്കോടി സ്വദേശി സുരേഷിന്റെ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ കേസിൽ നാഗർകോവിൽ ചേട്ടിക്കുളം സ്വദേശി ജെസുരാജയാണ് (46) അറസ്റ്റിലായത്. സംഭവം ഇങ്ങനെ: കഴിഞ്ഞ 14ന് രാവിലെ സ്വകാര്യ കാറിൽ യുവതിയുമായി ചിത്തിരകോടുള്ള സ്വകാര്യ സ്ഥാപനത്തിൽ എത്തി 9 ഗ്രാം വ്യാജ സ്വർണം പണയപ്പെടുത്തി 35,​000 രൂപ വാങ്ങി. വൈകിട്ട് സ്വർണം പരിശോധിച്ചപ്പോഴാണ് വ്യാജസ്വർണമാണെന്ന് അറിഞ്ഞത്. ഉടൻ തന്നെ സുരേഷ് കൊറ്റിക്കോട് പൊലീസിൽ പരാതി നൽകി. പൊലീസ് സി.സി ടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന യുവതിയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ പേരിലാണ് സ്വർണം പണയപ്പെടുത്തിയത്. പ്രതിയുടെ പേരിൽ കരിങ്കൽ, പുതുക്കട എന്നീ സ്റ്റേഷൻ പരിധിയിൽ സമാന കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.