
വെള്ളറട: ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കൂടാതെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ വനം പരിസ്ഥിതി സബ്‌ജക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാർഡ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവാസ മേഖലകളെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന സർക്കാർ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.കെ ഹരീന്ദ്രൻ എം.എൽ.എ നിയമസഭാ സബ്‌ജക്ട് കമ്മിറ്റിയിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം. അമ്പൂരിയിലെ 11സെറ്റിൽമെന്റുകളിലായി 1500ൽ അധികം വരുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജനങ്ങൾ താമസിക്കുകയാണ്. ഈ മേഖലയിൽ റോഡുനിർമ്മാണത്തിന് വനം വകുപ്പിന്റെ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി സന്ദർശനം നടത്തിയത്. അണമുഖം മുതൽ തുടങ്ങുന്ന റോഡിന്റെ നവീകരണത്തിന് വനംവകുപ്പിന്റെ അനുമതി നൽകാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, സണ്ണി ജേക്കമ്പ് എം.എൽ.എ, പ്രിൻസിപ്പിൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ജയപ്രസാദ്, കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ത്യാഗരാജൻ, വൈൽഡ് ലൈഫ് വാർഡൻ സുരേഷ് ബാബു, നെയ്യാർ ഡാം അസി. വൈൽഡ് ലൈഫ് വാർഡൻ ബ്രിജേഷ്, വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ, അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു, വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി, സബ്ജക്ട് കമ്മറ്റി അംഗങ്ങളും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.