
തിരുവനന്തപുരം: സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനായി കേന്ദ്രസർക്കാർ നടത്തുന്ന വംശീയ പ്രീണനവും മതവിദ്വേഷവും ഇന്ത്യയുടെ യശസിന് വലിയ കോട്ടമാണ് വിദേശനാടുകളിൽ ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. നിരുത്തരവാദപരമായ പ്രീണന രാഷ്ട്രീയം ലക്ഷക്കണക്കിന് ഇന്ത്യൻ വംശജർക്ക് കെടുതികളുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെഹ്റു ഫൗണ്ടേഷൻ പ്രസ് ക്ലബിൽ സംഘടിപ്പിച്ച നെഹ്റു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജവർഹർലാൽ നെഹ്റു അടിത്തറയിട്ടതും ചേരിചേരാ നയത്തിൽ അധിഷ്ഠിതവുമായ വിദേശ ബന്ധങ്ങളാണ് ഇന്ത്യയുടെ സാമ്പത്തികവും ശാസ്ത്രീയവുമായ വികസനത്തിന് അടിത്തറയൊരുക്കിയത്. രാജ്യത്തിന്റെ വിശാലമായ സാമ്പത്തിക, സാംസ്കാരിക, സൈനിക താത്പര്യങ്ങൾ കണക്കിലെടുത്ത് വിദേശനയത്തിൽ ആവശ്യമായ പുനഃസംവിധാനത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും സതീശൻ പറഞ്ഞു. ഡോ. കെ. മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. 'ഇന്ത്യൻ വിദേശ നയം: പ്രതിസന്ധികളും പ്രതീക്ഷകളും' എന്ന വിഷയത്തിൽ മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. കേരള സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവി ഡോ. ജോസഫ് ആന്റണി, വി. ദിനകരൻ പിള്ള, ആർ.ജി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.