തിരുവനന്തപുരം: തെക്കൻ കേരളത്തിലെ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ആദ്യമായി കാപ്സ്യൂൾ (ലീഡ്‌ലെസ്) വലുപ്പത്തിലുള്ള പേസ്‌മേക്കർ ഘടിപ്പിച്ച് കിംസ്‌ ഹെൽത്ത്. തിരുവനന്തപുരം സ്വദേശിനിയായ 72കാരിയിലാണ് പേസ്‌മേക്കർ ഘടിപ്പിച്ചത്. രോഗിയുടെ പ്രായാധിക്യം കണക്കിലെടുത്തും കൂടുതൽ കാലത്തെ ആശുപത്രിവാസം ഒഴിവാക്കാനുമാണ് ലീഡ്‌ലെസ് പേസ്‌മേക്കർ തിരഞ്ഞെടുത്തതെന്ന് കിംസ്‌ ഹെൽത്ത് കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. പ്രവീൺ എസ്.വി. പറഞ്ഞു. കാലിലെ രക്തക്കുഴലിൽ കത്തീറ്ററിലൂടെ കാപ്സ്യൂൾ വലിപ്പത്തിലുള്ള പേസ്‌മേക്കർ കടത്തിവിട്ട് ഹൃദയത്തിന്റെ വലത്തെ അറയിൽ നിക്ഷേപിക്കും. ക്ലിപ്പുകളിലൂടെ പേസ്‌മേക്കറിനെ ഹൃദയ ഭിത്തിയോട് ചേർത്തുവയ്ക്കും. തുടർന്ന് പേസ്‌മേക്കറിന്റെ പ്രവർത്തനം വിദൂരമായി പരിശോധിച്ച് കത്തീറ്റർ നീക്കി കാലിലെ ചെറിയ മുറിവിൽ പ്ലാസ്റ്റർ ഒട്ടിക്കും. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്യാനാകും. പിന്നീട് വീട്ടിലെ സാധാരണ ജോലികളിലേക്ക് കടക്കാനാകും എന്നതാണ് ഇതിന്റെ സവിശേഷത. വാരിയെല്ലിന് താഴെയായി വലിയ മുറിവോടുകൂടിയ ശസ്ത്രക്രിയ വഴിയാണ് സാധാരണ പേസ്‌മേക്കർ ഘടിപ്പിക്കുന്നത്. വെയിൻ പഞ്ചർ വലിപ്പമുള്ള പേസ്‌മേക്കറിൽ നിന്ന് ലീഡ് എന്നറിയപ്പെടുന്ന കേബിളുകൾ ഹൃദയത്തിന്റെ വലത്തെ അറയിലേക്കെത്തിച്ചാണ് ഇതിന്റെ പ്രവർത്തനം. ഇത്തരത്തിൽ പേസ്‌മേക്കർ വയ്ക്കമ്പോൾ മൂന്നു മുതൽ നാല് ദിവസം വരെ ആശുപത്രിവാസവും തുടർന്ന് രണ്ടു മൂന്ന് മാസത്തേക്ക് ഇടത് കൈയ്ക്ക് വിശ്രമവും ആവശ്യമാണ്. സാധാരണ രീതിയിലുള്ള പേസ്‌മേക്കർ ഘടിപ്പിക്കുമ്പോൾ തൊലിപ്പുറത്തായി വലിയ മുറിവിന്റെ പാട് ഉണ്ടാകും. 20 മുതൽ 50 ഗ്രാം വരെ ഭാരവും തീപ്പെട്ടിക്കൂടിന്റെ വലിപ്പവുമുണ്ടാകും. പുറമെ മുറിവുണ്ടാകില്ല എന്നതുകൂടാതെ കേവലം 2 ഗ്രാം ഭാരവും ഗുളികയുടെ വലുപ്പവും മാത്രമേ ലീഡ്‌ലെസ് പേസ്‌മേക്കറിനുണ്ടാകൂ. രാവിലെ അഡ്മിറ്റായി വൈകിട്ട് വീട്ടിൽ പോകാനാകുമെന്നതും ഇതിന്റെ നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.