
ശരിക്കുപറഞ്ഞാൽ ആന ഒരു തെറ്റിദ്ധരിക്കപ്പെട്ട ജീവിയാണ്. പോക്കിരികളിലെ ഏറ്രവും വലിയ പോക്കിരിയെ ആളുകൾ ഗജപോക്കിരിയെന്ന് വിളിക്കാറുണ്ട്. ആനയ്ക്ക് ഗജം എന്നും പേരുണ്ടെന്ന് അറിയാവുന്ന ചില വിദ്വാന്മാരാണ് ഗജപോക്കിരി എന്ന പേര് കണ്ടുപിടിച്ചത്. എന്നാൽ, ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വിളിയാണ്. ഏറ്റവും തല്ലിപ്പൊളിയായിട്ടുള്ള പോക്കിരിയെ ഗജപോക്കിരി എന്ന് വിളിക്കുമ്പോൾ ഈ ഗജം വെറും തല്ലിപ്പൊളിയാണെന്നാണല്ലോ അർത്ഥം. വാസ്തവം പറഞ്ഞാൽ മഹാസാധുവാണ് ഗജം. മഹാസാധുക്കൾ അങ്ങനെ ഒരുപാട് പേരൊന്നും ഈ ലോകത്തില്ല. പിണറായി സഖാവ് മഹാസാധുവാണെന്ന് കുറച്ചുകാലം മുമ്പ് അദ്ദേഹം തന്നെ പ്രഖ്യാപിച്ചതിനാൽ അദ്ദേഹമുണ്ട്. പിന്നെ ഗജമുണ്ട്. പ്രാവുണ്ട്. മാനുണ്ട്. കൊമ്പൊക്കെ കുലുക്കി നെറ്റിപ്പട്ടമൊക്കെ കെട്ടി ഗജരാജ സ്റ്റൈലിൽ നടക്കുന്ന ചിലരുണ്ട്. അങ്ങനെ ചിലർ മാത്രം. നമ്മുടെ ഈപി ജയരാജൻ സഖാവ് ആ ചിലരിൽ പെടുന്നയാളാണ്. ആനയെപ്പോലെ സഖാവും നല്ലതുപോലെ തെറ്റിദ്ധരിക്കപ്പെട്ട് പോയിട്ടുണ്ട്. ജയരാജൻ സഖാവും ആനയും തമ്മിൽ അല്ലറചില്ലറ വ്യത്യാസമൊക്കെയുണ്ട്. ആനയ്ക്ക് ആനയുടെ വിലയറിയില്ലെന്ന് പറയുന്നത് പോലെ ജയരാജൻ സഖാവിന് സഖാവിന്റെ വിലയറിയില്ലെന്ന് പറയാൻ സാധിക്കില്ല. ജയരാജൻ സഖാവിന് ആ നിലയും വിലയുമൊക്കെ അറിയാം.
ആനയുടെ തുമ്പിക്കൈ സഖാവിനില്ല എന്നൊരു കുറവ് കൂടിയുണ്ട്. ബാക്കി സകലതിലും ആനയും സഖാവും തമ്മിൽ ഒരു വ്യത്യാസവും പറയാനാവില്ല. ആനയെപ്പോലെ മഹാസാധു. ആളുകളെ കുത്തിമലർത്തണോ ഉന്തിത്തള്ളി വീഴ്ത്തണോ എന്നൊക്കെ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനൊത്താണ് സഖാവ് തീരുമാനിക്കുന്നത്. തീരെ നിവൃത്തിയില്ലെങ്കിൽ ചെയ്തല്ലേ പറ്റൂ.
ആന ആരെയും അങ്ങോട്ട് കേറിപ്പോയി ആക്രമിക്കാറില്ല. കാട്ടിൽനിന്ന് റോഡിലൊക്കെ ഇറങ്ങി നടക്കുന്ന ആനയെ അതിന്റെ വഴിക്കുവിട്ടാൽ അതങ്ങ് പോകും. അതിന്റെ വെള്ളംകുടി മുട്ടിച്ചാൽ അതിന് ദേഷ്യം വരാറുണ്ട്. വെള്ളം കണ്ടുവച്ച സ്ഥലത്തേക്കോ കുഞ്ഞുങ്ങളുടെ അടുത്തേക്കോ പോകുന്നത് തടയുന്നയാളെ അത് എടുത്തുമറിച്ചിടും. അല്ലെങ്കിൽ കുത്തിമലർത്തും.
അതുകൊണ്ട് അത് മഹാപോക്കിരിയാണ് എന്നാരും പറയാറില്ല. അതുപോലെയാണ് ജയരാജൻ സഖാവ്. ഉള്ളിന്റെയുള്ളിലേക്ക് നോക്കിയാൽ ആനയും പ്രാവും ആനയെപ്പോലെയൊക്കെ തോന്നിക്കുന്ന ജയരാജൻ സഖാവും ഒരേ മനസ്കരാണ്. അതുകൊണ്ടാണല്ലോ മഹാസാധുക്കളാകുന്നത്.
ജയരാജൻ സഖാവ് വിമാനത്തിൽ കയറിയതിനെയും വിമാനത്തിനകത്ത് ചില പോക്കിരികളെ തടഞ്ഞതിനെയും കുറിച്ച് ആളുകൾ തെറ്റിദ്ധരിച്ചിട്ട് അതുമിതുമൊക്കെ പറയുന്നു. ആന നടക്കുന്നത് ആനത്താരയിലൂടെ മാത്രമാണ്. ജയരാജൻ സഖാവിനും അതുപോലുള്ള സഞ്ചാരപാതയുണ്ട്. ആനയുടെ വഴിമദ്ധ്യേ ഏതെങ്കിലും ഉറുമ്പ് കയറിനിന്നാൽ ആന ചവിട്ടിപ്പോകും, അത് ആന അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല. ഏതെങ്കിലും വൃകോദരന്മാർ ആനയെ തടയാൻ മനഃപൂർവം ശ്രമിച്ചാൽ ആന തുമ്പിക്കൈയൊന്ന് പൊക്കി തടുക്കാനേ നോക്കൂ. ആനയ്ക്ക് ഒരു വൃകോദരനോടും കോപമോ വിദ്വേഷമോ ഇല്ല.
ജയരാജൻ സഖാവ് വിമാനത്തിൽ നിന്നുകൊണ്ട് ചെയ്തതും ഇത്രയൊക്കെയേ ഉള്ളൂ. സഖാവിന്റെ മുന്നിലേക്ക് രണ്ട് യൂത്ത് കോൺഗ്രസുകാരന്മാർ കേറിവരികയുണ്ടായി. ശരിക്കും അവർ മഹാസാധുവായ പിണറായി സഖാവിനെ കണ്ടിട്ട് അങ്ങോട്ട് പോയതാണെന്നാണ് പറയുന്നത്. ആ യൂത്ത് കോൺഗ്രസുകാർ 'പ്രതിഷേധം', 'പ്രതിഷേധം' എന്ന് വിളിച്ചുപറയുന്നത് കേട്ടവരുണ്ട്, കേൾക്കാത്തവരുണ്ട്. വിമാനത്തിൽ ഒന്നൊന്നര മണിക്കൂർ പച്ചവെള്ളം കുടിക്കാതെ കടിച്ചുപിടിച്ചിരുന്നവരാണോ ഈ 'പ്രതിഷേധം', 'പ്രതിഷേധം' എന്ന് നീട്ടാനോ കുറുക്കാനോ പോലും ശേഷിയില്ലാത്തവണ്ണം വിളിച്ചുപറയുന്നതെന്ന് ചിലരൊക്കെ ചോദിച്ചു. വിമാനത്തിനകത്ത് എയർഹോസ്റ്റസുമാർ പച്ചവെള്ളം പോലും കുടിക്കാൻ കൊടുത്തില്ലേ എന്ന് അവരോട് ചോദിക്കണമെന്നുണ്ടായിരുന്നു എന്ന് ചിലരൊക്കെ പറയുന്നത് കേട്ടു. എന്തായാലും ജയരാജൻ സഖാവ് കേറി ഇടപെട്ടത് കൊണ്ട് അവർക്കത് ചോദിക്കേണ്ടിവന്നില്ല. സഖാവ് കൈനീട്ടിപ്പിടിച്ച് തടഞ്ഞതേ എല്ലാവർക്കും ഓർമ്മയുള്ളൂ.
മഹാസാധു പിണറായി സഖാവിനെ കണ്ടതുകൊണ്ടാണ് യൂത്ത് കോൺഗ്രസുകാർ ആ വഴിത്താരയിലേക്ക് കാൽവച്ചതെങ്കിലും അത് ആനത്താര പോലെ ജയരാജൻ സഖാവിന്റെ ഏരിയ ആയിരുന്നെന്ന് അവർ ചിന്തിച്ചില്ല. വരുംവരായ്ക നോക്കാതെ ആനത്താരയിൽ കേറിയാൽ ആന ചവിട്ടിക്കൂട്ടി ഇഞ്ചി പരുവത്തിലാക്കുമെന്ന് മനസ്സിലാക്കേണ്ടതായിരുന്നു. യൂത്ത് കോൺഗ്രസുകാർ അത് മനസിലാക്കാതിരുന്നതിനാൽ എന്ത് ചെയ്യാനാവും !
.....................................................
വിമാനത്തിന്റെയുള്ളിൽ ഭീകരാക്രമണം നടത്തി മഹാസാധു പിണറായി സഖാവിനെ വധിക്കാൻ നോക്കിയ രണ്ട് യൂത്ത് കോൺഗ്രസ് ഭീകരന്മാരെ കീഴ്പ്പെടുത്തുക നിസ്സാരകാര്യമല്ല. അങ്ങനെ കീഴ്പ്പെടുത്താൻ ഒരുമാതിരി തണ്ടും തടിയും ഉള്ളതുകൊണ്ട് മാത്രം സാധിക്കണമെന്നില്ല. നല്ല മനക്കട്ടിയുണ്ടാവണം. കളരിയഭ്യാസം അറിയണം. ഇതെല്ലാം അറിയുന്ന ഈപി ജയരാജൻ സഖാവിനെ സത്യത്തിൽ ആഗോള ഭീകരവാദികൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ കാശ്മീരിൽ പോലും അവർ നുഴഞ്ഞുകയറില്ല. സഖാവിനെ ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ ചീഫ് ആയി മുൻകാല പ്രാബല്യത്തോടെ നിയമിക്കേണ്ടതാണ്.
ഇ-മെയിൽ: dronar.keralakaumudi@gmail.com