
ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ ഏകലോകദർശനം മാനവമൈത്രിക്കുളള സിദ്ധൗഷധമാണെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ബഹറിൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ അഞ്ചാമത് പ്രതിഷ്ഠാവാർഷികം പ്രമാണിച്ച് നടന്ന ദിവ്യപ്രബോധന ധ്യാനയജ്ഞത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഗുരുദേവ ദർശനത്തിന്റെ അടിസ്ഥാനം മനുഷ്യനാണ്. മനുഷ്യനെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഗുരുദേവൻ വിശ്വമനവികമായ തത്വദർശനം അവതരിപ്പിച്ചത്. പ്രപഞ്ച സമസ്യകളെയും ആത്മതത്വത്തെയും കേന്ദ്രീകരിച്ചുകൊണ്ടാണ് മതവും തത്വദർശനവും ആവിഷ്കരിക്കപ്പെട്ടത്. മനുഷ്യന് അവിടെ പ്രസക്തിയില്ലായിരുന്നു. ഈ നിലപാടിനെ കീഴ്മേൽ മറിച്ചുകൊണ്ട് മനുഷ്യന് പ്രാമുഖ്യം നൽകുന്ന തത്വദർശനം അവതരിപ്പിക്കുകയായിരുന്നു ഗുരുദേവൻ. മനുഷ്യന്റെ നന്മയാണ് പരമപ്രധാനം. മനുഷ്യൻ കെട്ടുപോയാൽ പിന്നെ മതങ്ങൾകൊണ്ടും തത്വദർശനങ്ങൾകൊണ്ടും എന്ത് പ്രയോജനമാണുളളതെന്ന ചോദ്യവും അതിന്റെ ഉത്തരവുമാണ് ഗുരുദേവൻ അവതരിപ്പിച്ചത്. മതമേതുമാകട്ടെ മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവിന്റെ ഉപദേശത്തിന് സമാനമായൊരു സംഭാവന ലോകത്ത് മറ്റൊരു ദാർശനികനും അവകാശപ്പെടാനാവില്ല. മനുഷ്യത്ത്വത്തിലധിഷ്ഠിതമായ ഗുരുദർശനം ഇന്നിന്റെ മാത്രമല്ല വരും കാലങ്ങളുടെയും തത്വദർശനമാണ്. അതുകൊണ്ടാണ് ഗുരുദേവദർശനത്തിന്റെ താത്വികമഹിമ ഉൾക്കൊണ്ട സ്വാമി ജോണധർമ്മതീർത്ഥർ ശ്രീനാരായണഗുരുവിനെ ഭാവിലോകത്തിന്റെ പ്രവാചകനെന്ന് വിശേഷിപ്പിച്ചതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. സ്വാമി സച്ചിദാനന്ദ, സ്വാമി ശിവനാരായണതീർത്ഥർ എന്നിവരെ സൊസൈറ്റി പ്രസിഡന്റ് ചന്ദ്രബോസ് പൂർണ്ണകുംഭം നൽകിയാണ് സ്വീകരിച്ചത്. സെക്രട്ടറി രാജേഷ് കണിയാംപറമ്പിൽ ഹാരാർപ്പണം നടത്തി. വൈസ് പ്രസിഡന്റ് എൻ.എസ്. റോയി, ഖജാൻജി ജോസ് കുമാർ, അസി.സെക്രട്ടറി സുരേന്ദ്രൻ സോപാനം, ശിവകുമാർ, ശ്രീജിത്ത് ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. സ്വാമി ശിവനാരായണതീർത്ഥരുടെ നേതൃത്വത്തിൽ കലശപൂജയും കലശാഭിഷേകവും നടന്നു.