വിതുര: വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിലും പരിസരത്തുംവീണ്ടും പുലി ഭീതിപരത്തി വിഹരിക്കുന്നു. ഒരാഴ്ചക്കിടയിൽ രണ്ട് തവണയാണ് പൊൻമുടിയിൽ പുലിയിറങ്ങി. പുലിയുടെ സാന്നിദ്ധ്യം വർദ്ധിച്ചതോടെ പ്രദേശവാസികളും ടൂറിസ്റ്റുകളും ഭീതിയിലുമാണ്. തിങ്കളാഴ്ച പൊൻമുടി ഗവ. യു.പി.സ്കൂളിന് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. പൊൻമുടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ആഴ്ചയും സ്കൂളിന് സമീപത്ത് പുലിയുടെ സാമിപ്യം കണ്ടിരുന്നു. സ്കൂളിലെ പാചകത്തൊഴിലാളി രാവിലെ ഏഴ് മണിയോടെയാണ് പുലിയെ കണ്ടത്. ഓടി സ്കൂളിൽ കയറി കതക് അടച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കുളത്തൂപ്പുഴ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകർ പൊൻമുടിയിലെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. സ്കൂൾ പരിസരത്ത് മുൻപും പല തവണ പുലിയെ കണ്ടിരുന്നു. പുലി എത്തിയതോടെ പൊൻമുടി സ്കൂളിൽ പഠിക്കുന്ന കുട്ടികളും ഭയപ്പാടിലാണ്. പൊൻമുടി സ്കൂളിൽ 29 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. 8 അദ്ധ്യാപകരും ജോലിക്കെത്തുന്നുണ്ട്.പുലിയിറങ്ങിയതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്.

കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രം

പുലിക്ക് പുറമേ കരടിയും,കാട്ടുപോത്തും,ആനയും സ്കൂൾ പരിസരത്ത് ഭീതിപരത്തി വിഹരിക്കാറുണ്ടെന്നും പരാതിയുണ്ട്. പൊൻമുടി അഞ്ചാംവളവ് മുതൽ പുലിയുടെ സാന്നിദ്ധ്യമുണ്ട്. കഴിഞ്ഞയാഴ്ച ഏഴാംവളവിന് സമീപം പുലി ഒരുകേഴയെ ഓടിച്ചുകൊണ്ടു ടൂറിസ്റ്റുകളുടെ മുന്നിൽ എത്തിയിരുന്നു. ടൂറിസ്റ്റുകൾ പേടിക്കുകയും ഉടൻകാറിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. നേരത്തെ ഒരു പുലി കുരങ്ങനെ പിടിക്കാൻ വൈദ്യുതി പോസ്റ്റിൽ കയറിയപ്പോൾ ഷോക്കേറ്റ് ചത്തിരുന്നു. അടുത്തിടെ പലദിവസങ്ങളിലായി പൊൻമുടിയാത്രക്കിടയിൽ ടൂറിസ്റ്റുകൾ പുലിയെ കണ്ടിരുന്നു. ഇതുവരെ ആരേയും ആക്രമിച്ചിട്ടില്ലെങ്കിലും സഞ്ചാരികളും നാട്ടുകാരും ഭയത്തിലാണ്.

ആദിവാസികൾ ഭീതിയിൽ

കല്ലാർ മൊട്ടമൂട്, ആറാനക്കുഴി മേഖലയിലും പുലിശല്യമുള്ളതായി ആദിവാസികൾ പറയുന്നു. രാത്രിയിൽ എത്തുന്ന പുലി നായ്ക്കളെ പിടികൂടി ഭക്ഷിക്കുകയാണ്. പുലിയുടെ വരവ് വർദ്ധിച്ചതോടെ നായ്ക്കളുടെ എണ്ണവും കുറഞ്ഞതായി ആദിവാസികൾ പറയുന്നു. മാത്രമല്ല വനാന്തരങ്ങളിൽ മാനിനെയും മറ്റും കൊന്നിട്ടിരിക്കുന്നതും, പട്ടികളുടെ ശരീരാവശിഷ്ടം കിടക്കുന്നതും കാണാറുണ്ടെന്നും ഇവർ പറയുന്നു. നേരത്തെ മരുതാമല ജഴ്സിഫാമിലും പുലിയിറങ്ങി ഭീതി പരത്തിയിരുന്നു. പുലിശല്യം വർദ്ധിച്ചതോടെ കെണിയൊരുക്കി പുലിയെ പിടികൂടാൻ വനംവകുപ്പ് നടപടി സ്വീകരിച്ചെങ്കിലും പുലി കെണിയിൽ വീണില്ല. പൊൻമുടിക്ക് പുറമേ ചാത്തൻകോട് ചെമ്മാംകാല മേഖലയിലും പുലിയുടെ ശല്യമുണ്ട്. ചെമ്മാംകാലയിൽ നേരത്തേ തെനെടുക്കാൻ മരത്തിൽകയറിയ ഒരു യുവാവിന്റെ കൈ പുലി കടിച്ചുമുറിച്ചിട്ടുണ്ട്. അതേസമയം ആദിവാസിമേഖലകളിലും പൊൻമുടി പ്രദേശത്തും നേരിടുന്ന പുലിയുടെ ശല്യം തടയുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വനപാലകർ പറയുന്നു.