gg

വർക്കല: വർക്കലയിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. വർക്കല രാമന്തള്ളി കനാൽ പുറമ്പോക്കിൽ സക്കീർ മൻസിലിൽ സജീറിന്റെ കുടുംബ വീട്ടിലാണ് ഇന്നലെ രാവിലെ 7ഓടെ തീപിടിച്ചത്. തീ പിടിത്തത്തിൽ വീട് പൂർണമായും കത്തിനശിച്ചു.

വീട് കത്തുമ്പോൾ 3 മാസം പ്രായമുള്ള കൈകുഞ്ഞ് ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നു. സജീർ (24), സഹോദരൻ സക്കീർ(38) ഇവരുടെ ഭാര്യമാർ ഉൾപ്പെടെ 6 പേരാണ് ഇവിടെ താമസിക്കുന്നത്. രശ്മി (19), അവരുടെ ബന്ധു റംസീന (25), മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് സമീർ, മുഹമ്മദ് നൂഹ്‌ (5) എന്നിവരാണ് സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ കുട്ടികളെയും കൊണ്ട് ഇറങ്ങി ഓടിയതിനാൽ ആർക്കും പരിക്കില്ല.

സജീറിന്റെ സഹോദരി ഫാത്തിമ ഇവിടെയാണ് താമസമെങ്കിലും അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. തീ കത്തുന്നത് കണ്ട് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി എങ്കിലും കെട്ടുറപ്പുള്ള വീട് അല്ലാത്തതിനാൽ വീടിന്റെ ചുവരുകൾ ഇടിഞ്ഞു വീഴുകയായിരുന്നു.

ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വീട്ടിൽ ഉണ്ടായിരുന്ന വീട്ടുപകരണങ്ങളും സർട്ടിഫിക്കറ്റുകളും രേഖകളും മൊബൈലുകളും ഉൾപ്പെടെ എല്ലാം പൂർണമായും കത്തി നശിച്ചു.

ഫ്രിഡ്‌ജിന്റെ ഭാഗത്ത്‌ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് വീട്ടിലുള്ളവർ പറയുന്നു. വർക്കല ഫയർഫോഴ്സ് വിശദമായ പരിശോധന നടത്തുകയാണ്. സജീറിന്റെ മാതാവ് മരണപ്പെട്ട അസൂറ ബീവിയുടെ പേരിലാണ് വീട്.