uit

നെയ്യാറ്റിൻകര: അധികൃതരുടെ അവഗണനയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം കൂടി നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ നെയ്യാറ്റിൻകരയിലെ രക്ഷിതാക്കളും വിദ്യാ‌ർത്ഥികളും. കേരള സർവകലാശാലയുടെ നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനാണ് ഈ ദുർഗതി. പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനം നടന്ന് 2 വർഷത്തിലേറെ കഴിഞ്ഞിട്ടും നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ പ്രവർത്തിക്കുന്ന കേരള സർവകലാശാലയുടെ യു.ഐ.ടി (യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി)ക്കാണ് നെയ്യാറ്റിൻകരയിൽ സ്വന്തം കെട്ടിടമെന്ന സ്വപ്നം ഇനിയും വിദൂരമായി അവശേഷിക്കുന്നത്. നഗരസഭയിലെ അതിയന്നൂർ വാർഡിൽ പ്രവർത്തിക്കുന്ന യു.ഐ.ടി സെന്ററിനോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തം. യു.ഐ.ടിയ്ക്ക് സ്വന്തമായി കെട്ടിടമൊരുക്കാൻ അധികൃതർക്കായില്ലെങ്കിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകേണ്ടയെന്ന നിലപാടിലാണ് സർവ്വകലാശാലയും. പ്ലസ് ടു ഫലം വരുന്ന മുറയ്ക്കാണ് യു.ഐ.ടിയിൽ അഡ്മിഷൻ പ്രക്രിയകൾ ആരംഭിക്കുന്നത്. ഫലം അടുത്ത് തന്നെ വരാനിരിക്കെ സ്ഥാപനത്തിൽ അഡ്മിഷൻ എടുക്കുന്ന കാര്യത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇപ്പോൾ കടുത്ത ആശങ്കയിലാണ്. യു.ഐ.ടിക്ക് സ്വന്തമായി കെട്ടിടം യാഥാ‌ർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

പാതിവഴിയിൽ പദ്ധതി

27 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ അടിസ്ഥാന സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഊരൂട്ടുകാല ഗവ.എം.ടി.എച്ച്.എസ്, നെയ്യാറ്റിൻകര ടൗൺ എൽ.പി.എസ്, തൊഴുക്കൽ ചെമ്പരത്തിവിളയിലെ നഗരസഭയുടെ കെട്ടിടം എന്നിവയെ പരിഗണിച്ചെങ്കിലും വിവിധ കാരണങ്ങളാൽ ആ ശ്രമങ്ങളൊന്നും മുടങ്ങി. കെട്ടിട നിർമ്മാണം ഇനിയും യാഥാർത്ഥ്യമാകാത്തതിനെ തുടർന്ന് സർവ്വകലാശാല കടുത്ത തീരുമാനമെടുത്തു. പ്രതിമാസം 40000രൂപയോളമാണ് വാടകയിനത്തിൽ യു.ഐ.ടി നൽകുന്നത്. മതിയായ ക്ലാസ് മുറികളുടെ അഭാവവും ലാബ്, ലൈബ്രറി എന്നിവയുടെ സ്ഥലപരിമിതിയുമെല്ലാം കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

പദ്ധതി അനിശ്ചിതത്വത്തിൽ

1995ൽ ഡി.ഇ.ഓഫീസ് കോമ്പൗണ്ടിലായിരുന്നു യു.ഐ.ടി കെട്ടിടം പിന്നീട് മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണത്തെ തുടർന്നാണ് ആറാലുംമൂട്ടിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. പ്രതിസന്ധികളെ തുടർന്ന് സ്ഥാപനത്തിന് സ്വന്തം കെട്ടിടം വേണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തര ആവശ്യത്തെ തുടർന്ന് നെയ്യാറ്റിൻകര ഊരൂട്ടുകാലയിൽ മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കാനായി പദ്ധതിയും തയാറാക്കി. 2 വർഷം മുമ്പ് ശിലാസ്ഥാപനവും നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 20 സെന്റ് സ്ഥലം പാട്ടക്കരാ‌‌ർ വ്യവസ്ഥയിൽ ഏറ്റെടുത്ത് കേന്ദ്രം തുടങ്ങാമെന്ന വ്യവസ്ഥയിലാണ് സർവകലാശാലയും വിദ്യാഭ്യാസ വകുപ്പും ധാരണാപത്രം ഒപ്പുവച്ചത്. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള സ്ഥലം പാട്ടത്തിന് സർവകലാശാലയ്ക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള തർക്കമാണ് പദ്ധതി അനിശ്ചിതാവസ്ഥയിൽ തുടരുന്നതിനിടയാക്കുന്നതെന്നാണ് ആരോപണം.