കടയ്ക്കാവൂർ: വക്കം ഗ്രാമപഞ്ചായത്ത് മാർക്കറ്റിൽ ഫുഡ്‌ ആൻഡ് സേഫ്ടി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. വക്കം ഗ്രാമപഞ്ചായത്ത് മങ്കുഴി മാർക്കറ്റിലാണ് മായം കലർന്ന ഭക്ഷണ പദാർത്ഥങ്ങൾ കണ്ടെത്താനായി സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. രാവിലെയോടെ ആരംഭിച്ച പരിശോധനയിൽ മാർക്കറ്റിൽ വില്പനയ്ക്കായി എത്തിച്ച മത്സ്യങ്ങൾ, മാംസങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ പരിശോധിച്ചെങ്കിലും മായം കണ്ടെത്താനായില്ല. തുടർന്ന് ഫുഡ്‌ ആൻഡ് സേഫ്ടി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വില്പനക്കാർക്കും വ്യാപാരികൾക്കും മായം കലർന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷിക്കുക വഴി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ്‌ നടത്തി.

വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി, വാർഡ് മെമ്പർമാരായ അശോകൻ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്നും പ്രദേശത്തെ മാർക്കറ്റുകളിൽ മിന്നൽ പരിശോധനകൾ ഉണ്ടാകുമെന്ന് ഫുഡ്‌ ആൻഡ് സേഫ്ടി അധികൃതർ അറിയിച്ചു.