aala

കിളിമാനൂർ:ഒരുകാലത്ത് കാർഷിക സംസ്കൃതിയുടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമായി നിലനിന്നിരുന്ന ആലകൾ ഇന്ന് പ്രാധാന്യം നഷ്ടപ്പെട്ട് വിസ്മൃതിയിലേക്ക് മറയുകയാണ്.ഒരു കാലത്ത് കാർഷിക ഗ്രാമങ്ങളിലെ പണിയായുധ ശാലകളായിരുന്ന ആലകളും കൊല്ലപ്പണിക്കാരുമാണ് സാങ്കേതിക വിദ്യയുടെ വരവോടെ അരങ്ങൊഴിയുന്നത്. ആലകൾ മറയുന്നതോടെ ഒരു പരമ്പരാഗത തൊഴിൽ സംസ്കാരവും കുലത്തൊഴിലാളികളുമാണ് മൺമറയുന്നത്. മുൻപ് വയലിൽ കൃഷി തുടങ്ങുന്നതിനും മുൻപേ കർഷകർ അവരുടെ പണിയായുധങ്ങൾ ആലകളിൽ എത്തിച്ച് അവയുടെ മൂർച്ചയും കരുത്തും കൂട്ടി ആയുധങ്ങളുടെ പ്രഹരശേഷി വർദ്ധിപ്പിച്ചിരുന്നു. പണിയായുധങ്ങളുടെ കരുത്തായിരുന്നു മണ്ണിനോട് മല്ലിടാനുള്ള കർഷകരുടെ മുതൽക്കൂട്ട്. ഇന്ന് കാലം മാറി കഥമാറി,​മെഷീൻ നിർമ്മിത പണിയായുധങ്ങൾ എത്താൻ തുടങ്ങിയതും കാർഷികരംഗം യന്ത്രങ്ങൾ കൈക്കലാക്കിയതുമെല്ലാം ഇവരുടെ അന്നം മുട്ടിച്ചു.

കുറഞ്ഞ വിലയിൽ ഇരുമ്പുപകരണങ്ങൾ കിട്ടുമെന്നതാണ് ജനങ്ങളെ കടകളിൽ നിന്നും വാങ്ങാൻ പ്രേരിപ്പിക്കുന്നത്. കൊല്ലന്മാർക്കായി ഉണ്ടായിരുന്ന ബ്ലാക് സ്മിത്ത് അസോസിയേഷൻ വരെ പിരിച്ചുവിട്ടു. അരിവാൾ, കോടാലി, പിച്ചാത്തി, വെട്ടുകത്തി, ചിരവ, കൈക്കോട്ട്, കമ്പിപ്പാര തുടങ്ങിയവ ഉണ്ടാക്കാനും വായ്ത്തല കൂട്ടാനും കൊല്ലന്റെ ആലയിൽ ആളുകൾ ക്യൂ നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ആളുകളുടെ ജീവിതോപാധി കൃഷി മാത്രമായിരുന്നുവെന്നതുകൊണ്ടുതന്നെ ആവശ്യക്കാരുമുണ്ടായിരുന്നു. കൃഷി കുറഞ്ഞതോടെ ഇതിന്റെ ആവശ്യമില്ലാതായി.

ആലയിലെ ആഴിയിലേക്കുളള കരിക്കുള്ള ചിരട്ട, മൂർച്ച വർദ്ധിപ്പിക്കാനുള്ള അരം തുടങ്ങി എല്ലാറ്റിനും വില കൂടി. ഒരു കത്തിയുണ്ടാക്കാൻ രണ്ട് ദിവസം വേണം. വാങ്ങുന്നത് 180-200 രൂപയും. അതിന്റെ പകുതി വിലയ്ക്ക് അവ കടയിൽ നിന്നും വാങ്ങാൻ കിട്ടും. പക്ഷേ തങ്ങളുടെ തൊഴിലിന്റെ പേര് കാത്തുകൊണ്ടുണ്ടാക്കുന്ന ഒരു കത്തിയുടെയും ഗുണമോ ആയുസോ പുറത്ത് നിന്ന് വാങ്ങുന്നവയ്ക്കുണ്ടാവില്ലെന്ന് കൊല്ലപ്പണി ചെയ്യുന്നവർ സാക്ഷ്യപ്പെടുത്തുന്നു.

കാലം മാറിയതോടെ ഒപ്പമോടാൻ പാരമ്പര്യതൊഴിൽ വിട്ട് ഇവരുടെ പുതു തലമുറകൾ പുതുവഴികൾ തേടിക്കഴിഞ്ഞു.

ഈ കുലത്തൊഴിൽ വഴി ഇനിയൊരു നല്ല കാലമില്ലെന്ന് മനസിലാക്കിയതിനാൽ പലരും മക്കളെ കൊല്ലപ്പണി പഠിപ്പിച്ചില്ല. ഉള്ളവരൊക്കെ ആല അടച്ചുപൂട്ടി. പലരും മറ്റു തൊഴിലുകൾ തേടി പോയി.ഒരു ആനുകൂല്യങ്ങളും പരിഗണനകളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു.

കേരളത്തിന്റെ അങ്ങോളമിങ്ങോളമുളള ആലകളുടെ ഘടനയിൽ വ്യത്യാസം കാണാം. കാരണം കാർഷികരീതിയിലുളള വൈവിദ്ധ്യം, ജാതിഘടനയിലെയും സംസ്‌കാരത്തിന്റെയും വ്യത്യാസം തുടങ്ങിയവ ആലയുടെ ഘടനയിലും കടന്നുവരുന്നു. പാറശ്ശാലയിലെ ആലകളുടെ ചരിത്രം നൂറ്റാണ്ടുകളോളം പഴക്കമുളളതാണ്‌. പനകയറ്റത്തിനായി

നിർമ്മിച്ചിരുന്ന ‘അരുവാത്തി’ എന്ന സവിശേഷതയാർന്ന ഒരു ഉപകരണത്തിന്റെ നിർമ്മാണവും കാളകളുടെ കാലിലെ ലാടവും ഉണ്ടാക്കുന്നതിലും ഇവിടത്തെ ആലകൾ പ്രസിദ്ധമായിരുന്നു. കൂടാതെ കാർഷികോപകരണങ്ങളായ മൺവെട്ടി, കോടാലി, പിക്കാസ്‌ എന്നിവയും വെട്ടുകത്തി, മീൻകത്തി, മരച്ചീനിവെട്ടി, ചെറിയ പിച്ചാത്തികൾ, പേനാക്കത്തി, ആക്കത്തി, വടിവാൾ തുടങ്ങിയ ഉപകരണങ്ങളും ഉണ്ടാക്കിയിരുന്നു. പന കയറ്റം ഉപേക്ഷിച്ചതോടെ അരുവാത്തി നാമാവശേഷമായി.അതുപോലെ ലാടവും. ഇന്ന്‌ കൂടുതലായും കടലിൽ മീൻപിടിക്കാൻ പോകുന്നവർക്ക്‌ ആവശ്യമുളള വലപ്പിച്ചാത്തി, കശുഅണ്ടി ഫാക്‌ടറികളിൽ ഉപയോഗിക്കുന്ന അണ്ടിപ്പിച്ചാത്തി,ഉളി, കൊത്തുവേലക്കാർ ഉപയോഗിക്കുന്ന വിവിധതരം കരണ്ടികൾ, മറ്റു പിച്ചാത്തികൾ എന്നിവ ഉണ്ടാക്കുന്നതിൽ ആലകൾ ഒതുങ്ങിനിൽക്കുന്നു.