തിരുവനന്തപുരം: തൊഴിലില്ലായ്‌മ പരിഹരിക്കാൻ കെ ഡിസ്‌കിന്റെ ആഭിമുഖ്യത്തിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുമെന്നും തൊഴിൽരഹിതരെ കണ്ടെത്താൻ വാർഡ് തലത്തിൽ സർവേ നടത്തുമെന്നും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. രണ്ടാഴ്ചകൊണ്ട് സർവേ പൂർത്തിയാക്കും. തൊഴിൽരഹിതരായ യുവതീ യുവാക്കളെ മൂന്ന് വിഭാഗമായി തിരിക്കും. ഐ.ടി പോളിടെക്‌നിക് ഭാഷാ പരിജ്ഞാനമുള്ളവർ, ഹ്രസ്വകാല പരിശീലനമാവശ്യമുള്ളവർ, ദീർഘകാല പരിശീലനമാവശ്യമുള്ളവർ എന്നീ വിഭാഗങ്ങൾക്ക് കുടുംബശ്രീയുടെ ' ഷീ കോച്ചുകൾ ' മുഖേന തൊഴിൽ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.

ജനകീയാസൂത്രണത്തിന്റെ 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 30 ലക്ഷം പേർക്ക് പരിശീലനം നൽകി അതിൽ 20 ലക്ഷം പേർക്കും നാല് വർഷത്തിനുള്ളിൽ തൊഴിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയത്തിന് അതീതമായ പ്രവർത്തനങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാഴ്ചവയ്‌ക്കേണ്ടതെന്നും സാധാരണക്കാർക്ക് സഹായകമാകുന്ന നൂതന ആശയങ്ങൾ കൊണ്ടുവരണമെന്നും ചടങ്ങിൽ മുഖ്യാതിഥിയായ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല. പട്ടി ലോറി കയറി മരിച്ചാലും സ്‌പെഷ്യൽ കൗൺസിൽ വിളിച്ചുചേർക്കുന്ന നിലപാട് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കികൊണ്ട് നഗരസഭയെ ഉയർന്ന സാമ്പത്തിക വളർച്ചയിലേക്കെത്തിക്കുകയാണ് 14ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം. കരട് പദ്ധതിരേഖ സെമിനാറിൽ ചർച്ച ചെയ്‌ത് വാർഷിക പദ്ധതികൾക്ക് രൂപം നൽകി.

സെന്റ് ജോസഫ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.എ. റഹീം എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജമീലാ ശ്രീധർ, ഡി.ആർ. അനിൽ, എസ്. സലീം, ജിഷ ജോൺ, സിന്ധു വിജയൻ തുടങ്ങിയവർ പങ്കെടുത്തു.