മേയർ പക്ഷപാതത്തോടെ പെരുമാറുന്നു മന്ത്രി ശിവൻകുട്ടിക്കും വിമർശനം
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ എൽ.ഡി.എഫിന് മുന്നണിയെന്ന നിലയ്‌ക്കുള്ള കൂട്ടായ പ്രവർത്തനമില്ലെന്ന് കുറ്റപ്പെടുത്തി സി.പി.ഐ മണ്ഡലം സമ്മേളനം. ഇന്നലെ ആരംഭിച്ച സി.പി.ഐ നേമം മണ്ഡലം സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം. മണ്ഡലത്തിലെ ചില എൽ.ഡി.എഫ് കാമ്പെയിനുകൾ വിജയിപ്പിക്കാൻ സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പ്രവർത്തകർ പങ്കാളികളാകുന്നതല്ലാതെ അമ്പലത്തറയിലും കമലേശ്വരത്തും കരമന ലോക്കൽ കമ്മിറ്റിയിലും പൂജപ്പുര ലോക്കലിലും സി.പി.എം ശത്രുതാ മനോഭാവത്തോടെയാണ് സി.പി.ഐയെ കാണുന്നതെന്നാണ് വിമർശനം. മണ്ഡലത്തിലെ മുടവൻമുഗൾ വാർഡിൽ നിന്ന് വിജയിച്ച മേയർ സി.പി.ഐക്കാരോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും റിപ്പോർട്ടിലുണ്ട്.
മണ്ഡലത്തിലെ എം.എൽ.എയും മന്ത്രിയുമായ വി. ശിവൻകുട്ടി എൽ.ഡി.എഫ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ താത്പര്യം കാട്ടുന്നില്ല. സി.പി.എമ്മിന്റെ സംഘടനാപരമായ വീഴ്ച കൊണ്ടാണ് മണ്ഡലത്തിലെ 23 നഗരസഭാ വാർഡുകളിൽ ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പി വിജയിച്ചത്. ധാർഷ്ഠ്യം നിറഞ്ഞ ശരീരഭാഷയും സംഘടനാപരമായ ദൗർബല്യവും കൊണ്ടാണ് പലപ്പോഴും സി.പി.എം ജനങ്ങളിൽ നിന്ന് പരാജയമേറ്റുവാങ്ങുന്നത്. നേമം മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിൽ സി.പി.ഐയ്‌ക്ക് നിർണായക പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സമ്മേളനം ഇന്നലെ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്‌തു. ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് പങ്കെടുക്കും.